ഗാസയിലേക്ക് സഹായവുമായി പോകുന്ന അന്താരാഷ്ട്ര ഫ്‌ലോട്ടില്ലയ്ക്ക് സംരക്ഷണം നൽകാനായി സ്‌പെയിൻ ഒരു സൈനിക യുദ്ധക്കപ്പൽ അയക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. ഇറ്റലിയോടൊപ്പം ചേർന്നാണ് സ്‌പെയിനിന്റെ ഈ നടപടി. ഗ്രീസിൽ നിന്ന് യാത്ര തിരിച്ച കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സാഞ്ചസിന്റെ പ്രതികരണം.
ഫ്ലോട്ടില്ലയിലെ കപ്പൽ യാത്രക്കാരെ സഹായിക്കാനും രക്ഷാപ്രവർത്തനം നടത്താനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളോടും കൂടി കാർട്ടജീനയിൽ നിന്ന് നാവിക കപ്പൽ ഉടൻ അയക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കവെ സാഞ്ചസ് പറഞ്ഞു. 45 രാജ്യങ്ങളിലെ പൗരന്മാർ ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാനും ദുരിതങ്ങളിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമാണ് കപ്പലിൽ യാത്ര തിരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും മെഡിറ്ററേനിയൻ കടലിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള പൗരന്മാരുടെ അവകാശങ്ങളെയും മാനിക്കണമെന്ന് സ്‌പെയിൻ സർക്കാർ ആവശ്യപ്പെടുന്നു എന്നും സാഞ്ചസ് വ്യക്തമാക്കി.
ഇസ്രായേലിന്റെ നാവിക ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് ഏകദേശം 50 സിവിൽ ബോട്ടുകളുമായാണ് ഗ്ലോബൽ സുമുദ് ഫ്‌ലോട്ടില്ല പുറപ്പെട്ടത്. സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഫ്ലോട്ടില്ലയിൽ അംഗങ്ങളാണ്. ഗ്രീക്ക് ദ്വീപായ ഗാവ്ഡോസിന് 30 നോട്ടിക്കൽ മൈൽ (56 കിലോമീറ്റർ) അകലെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ആക്രമണം നേരിട്ടപ്പോൾ ഇറ്റലി നേരത്തെ തന്നെ പ്രതിരോധത്തിനായി കപ്പൽ അയച്ചിരുന്നു.

