പുതിയ ഉപരാഷ്ട്രപതിയെ ബി.ജെ.പി.യിൽ നിന്ന് തന്നെയായിരിക്കും തിരഞ്ഞെടുക്കുകയെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മുതിർന്ന ബി.ജെ.പി. നേതാക്കളെയാണ് നിലവിൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, ഉപരാഷ്ട്രപതി നിയമനവുമായി ബന്ധപ്പെട്ട് ബി.ജെ.പി.യിതര പാർട്ടികളിൽ നിന്ന് ഉയർന്നുവന്ന പേരുകളെല്ലാം അഭ്യൂഹങ്ങളാണെന്ന് വ്യക്തമായി.
നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നാലെ, ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, എം.പി. ശശി തരൂർ എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകൾ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഈ അഭ്യൂഹങ്ങളെല്ലാം പാർട്ടി വൃത്തങ്ങൾ തള്ളിക്കളയുകയാണ്.
‘പാർട്ടിയുടെ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധമുള്ള ഒരാളായിരിക്കും ഉപരാഷ്ട്രപതി,’ ഒരു ഉന്നത ബി.ജെ.പി. നേതാവ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. നേരത്തെ, ജെ.ഡി.യു. നേതാവും കേന്ദ്രമന്ത്രിയുമായ രാം നാഥ് താക്കൂറും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നദ്ദയും തമ്മിലുള്ള കൂടിക്കാഴ്ച വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, ഇത് പതിവ് ആശയവിനിമയം മാത്രമാണെന്നാണ് ബി.ജെ.പി. വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം ഇതുവരെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ആരെയും നിർദ്ദേശിച്ചിട്ടില്ല. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജി സമർപ്പിച്ചതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികൾ ആരംഭിച്ചതായും വിവരമുണ്ട്.
ധൻകറിന്റെ അപ്രതീക്ഷിത രാജിയെക്കുറിച്ച് മനസ്സിലാക്കാൻ പല പ്രതിപക്ഷ നേതാക്കളും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, അതിനുള്ള അനുമതി ലഭിക്കുന്നില്ലെന്നാണ് വിവരം. ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവത്ത്, എൻ.സി.പി. (എസ്.പി.) നേതാവ് ശരദ് പവാർ തുടങ്ങിയവർ ധൻകറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നതായി റിപ്പോർട്ടുണ്ട്.
രാജിയുടെ പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിർന്ന കാബിനറ്റ് മന്ത്രിമാരുടെയും സമ്മർദ്ദമാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി. കല്യാൺ ബാനർജി ആരോപിച്ചിരുന്നു. രാജിവെച്ചില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്ന് ധൻകറിനെ ഭീഷണിപ്പെടുത്തിയെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അടുത്ത ഉപരാഷ്ട്രപതിയാക്കാൻ പദ്ധതിയുണ്ടെന്നും കല്യാൺ ബാനർജി ആരോപിച്ചു.
ജൂലൈ 21-നാണ് ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചത്. ‘ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു,’ രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ വ്യക്തമാക്കിയിരുന്നു.

