മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. കേസിലെ പരാതിക്കാരൻ സിറാജാണ് ഹർജി നൽകിയത്. സൗബിൻ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ഹർജിയിലെ ആവശ്യം.
സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കാണ് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ ലാഭവിഹിതത്തിൻറെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തൻറെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നും കാട്ടി അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്.

