മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, സൗബിൻ ഷാഹിറിനെ വീണ്ടും വിളിപ്പിക്കാൻ കൊച്ചി പൊലീസ്. സൗബിൻ നൽകിയ രേഖകൾ പൂർണമല്ലെന്നും കണക്കുകൾ ഇനിയും ഹാജരാക്കാനുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടില്ല. ഉടൻ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിവസമാണ് സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, മറ്റൊരു നിർമാതാവായ ഷോൺ ആൻറണി എന്നിവരെ മരട് പൊലീസ് ചോദ്യം ചെയ്തത്.മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ ലാഭ വിഹിതത്തിൻറെ നാൽപ്പത് ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തൻറെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നും കാട്ടി അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് മൂവർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്.
6 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സൗബിൻ സമർപ്പിച്ച രേഖകൾ അപര്യാപ്തമാണെന്നും വരും ദിവസങ്ങളിൽ മൂവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.കണക്കുകൾ ഇനിയും ബോധിപ്പിക്കാനുണ്ടെന്നു ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറഞ്ഞു.

