എസ്എൻഡിപി യോഗം യുഎഇയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 93-ാമത് ശിവഗിരി തീർത്ഥാടനം 15ന് അജ്മാൻ കൾച്ചറൽ സെന്ററിൽ നടക്കും. യുഎഇയിലെ എട്ട് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന തീർത്ഥാടനം തുടർച്ചയായ 16-ാം വർഷമാണ് പ്രവാസ മണ്ണിൽ അരങ്ങേറുന്നത്.
രാവിലെ 11ന് നടക്കുന്ന തീർത്ഥാടന മഹാസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പത്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ സംഘടനാ സന്ദേശം നൽകും. തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ശിവ സ്വരൂപാനന്ദ സ്വാമികൾ, ഇന്ത്യൻ കോൺസൽ ജനറൽ സന്തോഷ് ശിവൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
പുലർച്ചെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പതാക ഉയർത്തൽ, ഐശ്വര്യപൂജ, ഭജനുകൾ, പദയാത്ര എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30ന് അന്നദാനം ഉണ്ടായിരിക്കും. ശാസ്ത്രസാങ്കേതിക വിദ്യയിൽ അറിവ് നേടുക എന്ന ഗുരുദർശനത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുടെ എക്സിബിഷനും നടക്കും. സാറ്റലൈറ്റ് ടെക്നോളജിയെക്കുറിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. സോമനാഥ് പ്രഭാഷണം നടത്തും. കലാമത്സര വിജയികൾക്കുള്ള പുരസ്കാര വിതരണത്തിന് ശേഷം വൈകിട്ട് 6ന് ഭഗവതി പൂജയോടും ദീപാരാധനയോടും കൂടി തീർത്ഥാടനം സമാപിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

