Headlines

സൗദി അറേബ്യയിൽ സിംഗിൾ എൻട്രി വിസ പുതുക്കിത്തുടങ്ങി

സൗദി അറേബ്യയിൽ ഒറ്റത്തവണ പ്രവേശനാനുമതിയുള്ള (സിംഗിൾ എൻട്രി) വിസിറ്റ് വിസയിൽ എത്തിയവർക്ക് സന്തോഷവാർത്ത. വിസയുടെ കാലാവധി അവസാനിക്കുന്നവർക്ക് വിസ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തുടങ്ങി. സൗദിയിൽ മൂന്ന് മാസം പൂർത്തിയാക്കിയവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്.

സിംഗിൾ എൻട്രി വിസയിലെത്തുന്നവർക്ക് പരമാവധി 9 മാസം വരെ സൗദിയിൽ താമസിക്കാൻ കഴിയും. ഒരു തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിയുള്ള ഈ വിസ ഉപയോഗിച്ച് നിരവധി പ്രവാസികൾ അവരുടെ കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കാറുണ്ട്. ഹജ്ജ് സീസണിൽ ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നത് താത്കാലികമായി നിർത്തിവെക്കാറുണ്ട്. 2025-ലെ ഹജ്ജ് സീസൺ കഴിഞ്ഞതിന് ശേഷമാണ് ഇപ്പോൾ വിസകൾ വീണ്ടും പുതുക്കിത്തുടങ്ങിയതെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും, വിസ കാലാവധി നീട്ടാൻ അപേക്ഷിച്ച നിരവധി ആളുകൾക്ക് 90 ദിവസത്തേക്ക് കൂടി വിസ നീട്ടിനൽകിയതായി സ്വകാര്യ വിസ സേവന കേന്ദ്രങ്ങൾ അറിയിച്ചു. മൾട്ടിപ്പിൾ എൻട്രി വിസയിലുള്ളവർക്കും സൗദിയിൽ തുടരാൻ സാധിക്കുന്നുണ്ട്. മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് ആളുകൾ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൗദി സർക്കാർ ഈ വിസകൾക്ക് നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Leave a Reply