പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗായകന്റെ മരണം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് നടപടി. സുബീൻ ഗാർഗിന്റെ മാനേജർ, പരിപാടി സംഘാടകൻ, ബന്ധു ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കുറ്റപത്രം എന്നാണ് സൂചന.
3500-ഓളം പേജുള്ള ഈ കുറ്റപത്രത്തിൽ രണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, 300 സാക്ഷിമൊഴികൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സുബീൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ വെളിപ്പെടുത്തിയിരുന്നുവെങ്കിലും കൊലപാതകി ആരാണെന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല.

