തരൂരിന്റെ മാമ്പഴ വിരുന്ന്: കോൺഗ്രസ് എംപിമാരെത്തി, മുതിർന്ന നേതാക്കൾ വിട്ടുനിന്നു

ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ശശി തരൂർ എംപി സംഘടിപ്പിച്ച മാമ്പഴ വിരുന്നിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിട്ടുനിന്നു. നിരവധി എംപിമാരും വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത ‘മാംഗോ ആൻഡ് ചാട്ട് പാർട്ടി’ തരൂരിന്റെ നയതന്ത്രപരമായ സ്വാധീനം വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

കേരളത്തിൽ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് (കോൺഗ്രസ്), ജോൺ ബ്രിട്ടാസ്, വി ശിവദാസൻ (സിപിഎം), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി) എന്നിവർ വിരുന്നിൽ സംബന്ധിച്ചു. മഹുവ മൊയ്ത്ര (ടിഎംസി), ഭർത്താവും മുൻ എംപിയുമായ പിനാകി മിശ്ര, ടി സുമതി (ഡിഎംകെ), മിലിന്ദ് ദിയോറ (ശിവസേന-ഷിൻഡെ) ഭാര്യ പൂജ ഷെട്ടി, കെ ലക്ഷ്മൺ, രേഖ ശർമ്മ (ബിജെപി) എന്നിവരും പങ്കെടുത്തു.

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സംഘങ്ങളിൽ ഒന്നിനെ നയിച്ചത് ശശി തരൂരാണ്. അമേരിക്ക, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിലാണ് തരൂരും സംഘവും സന്ദർശിച്ചത്. ഇതിന്റെ പ്രതിഫലനമാണ് തരൂർ സംഘടിപ്പിച്ച വിരുന്നിൽ വിദേശ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യമെന്നാണ് റിപ്പോർട്ട്.

Leave a Reply