Headlines

ശൈത്യകാല സർവീസുകൾ വെട്ടിക്കുറക്കരുത്; എയർഇന്ത്യ എക്സ്പ്രസിനും വ്യോമയാന മന്ത്രിക്കും കത്ത് നൽകി ഷാഫി പറമ്പിൽ എംപി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ഇടപെടലുമായി ഷാഫി പറമ്പിൽ എം.പി. രംഗത്തെത്തി. കണ്ണൂർ, കരിപ്പൂർ (കോഴിക്കോട്) വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എം.പി. വ്യോമയാന മന്ത്രിക്കും എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാനും കത്ത് നൽകി.

ഒക്ടോബർ അവസാന വാരം തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ, കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ഏകദേശം 75 ഓളം സർവീസുകളാണ് വെട്ടിക്കുറയ്ക്കാൻ സാധ്യത. ഇത് മൂലം കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും. കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള സർവീസ് ആഴ്ചയിൽ ആറ് ദിവസമായും, ദമ്മാം, മസ്‌കറ്റ് സർവീസുകൾ ആഴ്ചയിൽ മൂന്ന് ദിവസമായും ചുരുങ്ങും. അബൂദബിയിലേക്ക് ആഴ്ചയിൽ നാല് ദിവസമാകും സർവീസ്. കരിപ്പൂരിൽ നിന്നുള്ള കുവൈറ്റ് സർവീസ് ഇതിനോടകം അവസാനിപ്പിച്ചു. കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് ആഴ്ചയിൽ രണ്ടായി കുറയുകയും അബൂദബിയിലേക്ക് നാല് സർവീസുകളാകുകയും ചെയ്യും.

തിരുവനന്തപുരത്ത് നിന്ന് ദുബായ്, അബൂദബി വിമാന സർവീസുകൾ പൂർണ്ണമായി നിർത്തും. കണ്ണൂരിൽ നിന്ന് ബഹ്റൈൻ, ജിദ്ദ, ദമ്മാം, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇല്ലാതാകും. സർവീസുകൾ കുറയ്ക്കുന്നത് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനും യാത്രക്കാരുടെ ദുരിതത്തിനും കാരണമാകുമെന്നാണ് വിലയിരുത്തൽ. കുവൈറ്റിലേക്ക് പോകാൻ വടക്കൻ കേരളത്തിലുള്ളവർക്ക് ഇനി മംഗളൂരു, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരും.

Leave a Reply