ഖത്തറിനെ ഏതെങ്കിലും രാജ്യം ആക്രമിക്കാൻ ശ്രമിച്ചാൽ സൈനിക നടപടി ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ഖത്തറിന് നേരെയുള്ള ഏതൊരു ആക്രമണവും അമേരിക്കയ്ക്ക് ഭീഷണിയായി കണക്കാക്കുമെന്നും ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി പരിഗണിക്കുമെന്നും ഈ ഉത്തരവിൽ പറയുന്നു.
ഖത്തറിനെതിരെ ആക്രമണമുണ്ടായാൽ യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുമായി നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ നടപടികൾ അമേരിക്ക സ്വീകരിക്കുമെന്ന് ട്രംപ് ഉത്തരവിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച (സെപ്റ്റംബർ 29) തീയതി രേഖപ്പെടുത്തിയ ഈ ഉത്തരവ് ബുധനാഴ്ച വൈറ്റ് ഹൗസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ട്രംപ് ഈ ഉത്തരവിൽ ഒപ്പിട്ടത്. ഖത്തറിന്റെ പരമാധികാരം ലംഘിച്ചുകൊണ്ടുള്ള ഈ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് മാപ്പ് ചോദിച്ചിരുന്നു.

