ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വാംഖഡെ സ്റ്റേഡിയത്തിലെ ബി.സി.സി.ഐ. (BCCI) സ്റ്റോർ റൂമിൽ മോഷണം. 6.52 ലക്ഷം രൂപ വിലവരുന്ന ഐ.പി.എൽ ജഴ്സികൾ മോഷ്ടിച്ച സംഭവത്തിൽ സെക്യൂരിറ്റി മാനേജർ ഫാറൂഖ് അസ്ലം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 13-നാണ് ഫാറൂഖ് അസ്ലം ഖാൻ സ്റ്റേഡിയത്തിലെ ബി.സി.സി.ഐ. സ്റ്റോർ റൂമിൽ അനധികൃതമായി പ്രവേശിച്ച് 261 ജഴ്സികളടങ്ങിയ ഒരു വലിയ ബോക്സ് കടത്തിക്കൊണ്ടുപോയത്. 2500 രൂപ വീതം വിലയുള്ള ഔദ്യോഗിക ജഴ്സികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്തിടെ നടന്ന ഓഡിറ്റിംഗിൽ ജഴ്സി സ്റ്റോക്കിൽ വലിയ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ജൂൺ 13-ന് സെക്യൂരിറ്റി മാനേജർ സ്റ്റോർ റൂമിൽ പ്രവേശിക്കുന്നതും ജഴ്സികൾ അടങ്ങിയ കാർഡ്ബോർഡ് ബോക്സുമായി പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. ഇതേ തുടർന്ന് ജൂലായ് 17-ന് ഓഫീസ് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി കാപ്പിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉൾപ്പെടെ വിവിധ ടീമുകളുടെ ഔദ്യോഗിക ജഴ്സികളാണ് ഇയാൾ മോഷ്ടിച്ചത്. മോഷ്ടിച്ച ജഴ്സികൾ ഓൺലൈൻ വഴി വിൽക്കാൻ ഹരിയാന സ്വദേശിയായ ഒരു ഏജന്റിന് കൈമാറിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. ഈ ഏജന്റിനെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, മോഷ്ടിക്കപ്പെട്ടവയിൽ ഏകദേശം 50 ഓളം ജഴ്സികൾ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

