Headlines

സൗദിയിലെ സ്‌കൂളുകൾ തുറന്നു; 60 ലക്ഷത്തിലേറെ വിദ്യാർഥികളെത്തി

അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിലെ സ്‌കൂളുകൾ വീണ്ടും തുറന്നു. ഇന്നലെ മാത്രം 60 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്‌കൂളുകളിലെത്തി. സൗദിയിലെ സ്‌കൂളുകൾക്ക് പുറമെ ഭൂരിഭാഗം ഇന്ത്യൻ സ്‌കൂളുകളും ക്ലാസുകൾ പുനരാരംഭിച്ചു. എന്നാൽ മക്ക, മദീന, ജിദ്ദ, തായിഫ് തുടങ്ങിയ നഗരങ്ങളിൽ ആഗസ്റ്റ് 31 മുതലാണ് ക്ലാസുകൾ തുടങ്ങുക.

രണ്ടു മാസത്തോളം നീണ്ട വേനലവധിക്ക് ശേഷമാണ് സ്‌കൂളുകൾ തുറന്നത്. സൗദിയിലുള്ള 31,000 സ്‌കൂളുകളിലായി സ്വദേശികളും വിദേശികളുമടക്കം ഏകദേശം 67 ലക്ഷം വിദ്യാർത്ഥികളുണ്ട്. 16 ലക്ഷം വിദ്യാർത്ഥികളുമായി റിയാദിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ സ്‌കൂളിലെത്തിയത്. 14 ലക്ഷം വിദ്യാർത്ഥികളുള്ള മക്ക പ്രവിശ്യയാണ് രണ്ടാം സ്ഥാനത്ത്.

ഗ്രാമീണ മേഖലയിലെ 12 ലക്ഷം വിദ്യാർത്ഥികളെ സ്‌കൂളുകളിലെത്തിക്കാൻ സൗജന്യ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. റിയാദും കിഴക്കൻ പ്രവിശ്യയുമടക്കം വിവിധയിടങ്ങളിൽ ഇന്ത്യൻ സ്‌കൂളുകളും ഇന്നലെ തുറന്നു. എന്നാൽ, മഴ മുന്നറിയിപ്പുള്ളതിനാൽ അസീർ ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ ഓൺലൈൻ ക്ലാസുകളാണ് നടന്നത്. അവധിക്കാലത്ത് വിദ്യാഭ്യാസ മന്ത്രാലയം അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Leave a Reply