ഉംറ തീർത്ഥാടകർക്കായുള്ള പ്രവേശന വിസയുടെ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒരു മാസമായി കുറച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽഅറബിയ റിപ്പോർട്ട് ചെയ്തു. പരിഷ്‌കരിച്ച നിയമങ്ങൾ അനുസരിച്ച്, വിസ ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തീർത്ഥാടകൻ സൗദി അറേബ്യയിൽ പ്രവേശിച്ചിട്ടില്ലെങ്കിൽ ഉംറ വിസ റദ്ദാക്കപ്പെടും. അടുത്ത ആഴ്ച മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ തീർത്ഥാടകൻ സൗദിയിലെത്തിക്കഴിഞ്ഞാൽ മൂന്ന് മാസം (90 ദിവസം) വരെ രാജ്യത്ത് തങ്ങാമെന്നുള്ള നേരത്തെ നിലവിലുള്ള നിയമത്തിൽ മാറ്റമില്ല.
വേനൽക്കാലം അവസാനിച്ചതിനാലും മക്കയിലെയും മദീനയിലെയും താപനില കുറഞ്ഞതിനാലും ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ പശ്ചാതലത്തിൽ ഇരുഹറമുകളിലെയും തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ദേശീയ ഉംറ, സന്ദർശന കമ്മിറ്റി ഉപദേഷ്ടാവ് അഹമ്മദ് ബജാഇഫർ വ്യക്തമാക്കി.
2023 മുതലാണ് ഉംറ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ ഹജ്ജ്, ഉംറ മന്ത്രാലയം അനുവദിച്ചു തുടങ്ങിയത്. ഉംറ വിസയിലുള്ളവർക്ക് ഏത് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും സൗദിയിലേക്ക് പ്രവേശിക്കാനും രാജ്യം വിടാനും അനുമതി നൽകിയിട്ടുണ്ട്. വിസ കാലാവധിക്കുള്ളിൽ തീർത്ഥാടകർക്ക് സൗദിയിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും അനുവാദമുണ്ട്. ഈ വർഷം ജൂൺ മാസത്തിൽ പുതിയ ഉംറ സീസൺ ആരംഭിച്ചതു മുതൽ വിദേശ തീർത്ഥാടകർക്കായി നൽകിയ ഉംറ വിസകളുടെ എണ്ണം 40 ലക്ഷം കവിഞ്ഞതായി മന്ത്രാലയം അറിയിച്ചു. മുൻ സീസണുകളെ അപേക്ഷിച്ച് കേവലം അഞ്ച് മാസത്തിനുള്ളിൽ വിദേശ തീർത്ഥാടകരുടെ എണ്ണത്തിൽ ഈ വർഷം റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

