60 രാജ്യങ്ങളിൽ നിന്നുള്ള 13 ദശലക്ഷത്തിലധികം വിദേശികൾക്ക് സൗദി ആതിഥേയത്വം നൽകുന്നു ; സൗദി മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ
60 രാജ്യങ്ങളിൽ നിന്നുള്ള 13 ദശലക്ഷത്തിലധികം വിദേശികൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് സൗദി മനുഷ്യാവകാശ കമീഷൻ അധ്യക്ഷ ഡോ. ഹല ബിൻത് മസിയാദ് അൽ തുവൈരിജി. സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിൽ കഴിഞ്ഞ ദിവസം നടന്ന വംശീയ വിവേചന നിർമാർജന സമിതിയുടെ (സി.ഇ.ആർ.ഡി) 114ാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ നിയമങ്ങളും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുന്ന മാനുഷിക അവകാശങ്ങളും എല്ലാ വിദേശ തൊഴിലാളികൾക്കും സൗദി വകവെച്ചു നൽകുന്നുണ്ട്. വിവിധ വംശങ്ങളോടും വൈവിധ്യമാർന്ന സംസ്കാരങ്ങളോടും അഭൂതപൂർവമായ തുറന്ന മനസ്സാണ് സൗദി അറേബ്യ പ്രകടിപ്പിക്കുന്നതെന്ന് ഹല അൽ തുവൈരിജി ചൂണ്ടിക്കാട്ടി.
നീതിയുടെയും സമത്വത്തിന്റെയും സ്ഥാപിത തത്ത്വങ്ങളെ ശക്തിപ്പെടുത്തുന്ന പരിഷ്കാരങ്ങളാണ് തന്റെ രാജ്യത്തിന്റെ ഉന്നത നേതൃത്വം നടപ്പാക്കിയതെന്ന് അവർ പറഞ്ഞു. വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതിയുടെ 114ാമത് സെഷനിൽ സൗദിയുടെ പ്രതിനിധി സംഘം ഹലയുടെ നേതൃത്വത്തിലാണ് ജനീവയിൽ എത്തിയത്.