സൗദിയിൽ ജ്യൂസ് കടകൾക്ക് പുതിയ നിയന്ത്രണങ്ങൾ; ഭക്ഷ്യ സുരക്ഷ കർശനമാക്കുന്നു

രാജ്യത്തെ ജ്യൂസ് കടകളിലെയും കിയോസ്‌കുകളിലെയും ഭക്ഷ്യസുരക്ഷയും സേവന നിലവാരവും ഉയർത്തുന്നതിനായി സൗദി മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജ്യൂസ് കടകളിലെ ശുചിത്വം, സുരക്ഷ, ഉൽപാദന രീതി എന്നിവയുടെ നിലവാരം ഉയർത്തുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിയമങ്ങൾ അനുസരിച്ച്, അംഗീകൃത വാണിജ്യ മേഖലകളിലോ നിലവിലുള്ള സെന്ററുകളിലോ മാത്രമേ ഇനി ജ്യൂസ് കടകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. കൂടാതെ, പ്രവേശന കവാടങ്ങളിൽ നിന്നോ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്നോ കടകൾ ആറ് മീറ്റർ അകലം പാലിച്ചിരിക്കണം. ശുചിത്വം ഉറപ്പാക്കുന്നതിനായി ജ്യൂസ് കടകൾക്കുള്ളിൽ പാനീയങ്ങൾ തയാറാക്കൽ, വിതരണം, സംഭരണം എന്നിവയ്ക്കായി പ്രത്യേക സ്ഥലങ്ങൾ നിർബന്ധമാണ്.

വിൽക്കുന്ന ഉൽപ്പന്നങ്ങളുടെയും ചേരുവകളുടെയും അലർജിയുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളുടെയും വ്യക്തമായ പട്ടിക പ്രദർശിപ്പിക്കണം. പാനീയം തയാറാക്കിയ തീയതിയും ചേരുവകളും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇല്ലാതെ വിതരണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപനയും അനുവദനീയമല്ല. കൂടാതെ, റഫ്രിജറേഷൻ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.

ഇതിനുപുറമെ, സൗദി ബിസിനസ് സെന്ററിന്റെ ഏകീകൃത ക്യുആർ കോഡ്, വിലവിവരപ്പട്ടിക, ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. പ്രവർത്തന മേഖലയിൽ നിന്ന് മാറ്റി മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേക സൗകര്യവും ഒരുക്കേണ്ടതുണ്ട്. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സൗദി നഗരങ്ങളിലെ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply