മഴയും മഞ്ഞുവീഴ്ചയും ഉൾപ്പെടെയുള്ള മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ റിയാദ്, അൽഖസീം പ്രവിശ്യകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ മുൻനിർത്തി വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനമെടുത്തത്. എന്നാൽ നേരിട്ടുള്ള ക്ലാസുകൾക്ക് അവധിയാണെങ്കിലും പഠനം തടസ്സപ്പെടാതിരിക്കാൻ സ്കൂളുകൾ ഓൺലൈൻ വഴി പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘മദ്‌റസത്തീ’ (Madrasati) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ക്ലാസുകൾ നടക്കുക. റിയാദ് നഗരത്തിന് പുറമെ ദറഇയ, താദിഖ്, അൽ ഖർജ്, മജ്മഅ, ഷഖ്‌റ തുടങ്ങി വിവിധ പട്ടണങ്ങളിലെ സ്കൂളുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. വിദ്യാർത്ഥികളും അധ്യാപകരും മദ്‌റസത്തീ പ്ലാറ്റ്‌ഫോമിലൂടെ വീട്ടിലിരുന്ന് ക്ലാസുകളിൽ പങ്കെടുക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഇന്ന് രാവിലെ മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടും ആലിപ്പഴ വർഷത്തോടും കൂടിയ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും തബൂക്ക്, ഹാഇൽ, ഖസീം എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

