സൗദി എയർലൈൻസ് വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. വ്യോമയാന മേഖലയിലെ പരിവർത്തന പരിപാടിയുടെ തന്ത്രപരമായ ഒരു ഘടകമായി ഈ സേവനത്തെ കാണുന്നതായി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എഞ്ചിനീയർ സാലിഹ് അൽജസ്സർ അറിയിച്ചു.
ട്രാൻസ്പോർട്ട് മന്ത്രി എഞ്ചിനീയർ സാലിഹ് അൽജസ്സർ, വാർത്താവിനിമയ വിവര സാങ്കേതികവിദ്യാ മന്ത്രി എഞ്ചിനീയർ അബ്ദുല്ല അൽസ്വാഹയുമായി സൗദിയ വിമാനത്തിൽ വെച്ച് വീഡിയോ കോൺഫറൻസ് നടത്തുകയും പരീക്ഷണ ഘട്ടത്തിലുള്ള അതിവേഗ ഇന്റർനെറ്റ് സേവനം വിലയിരുത്തുകയും ചെയ്തു. 35,000 അടി ഉയരത്തിൽ SV1044 വിമാനത്തിൽ വെച്ച് സൗദി റോഷൻ ലീഗ് മത്സരങ്ങളിലൊന്ന് ലൈവായി കണ്ടതായും മന്ത്രി വ്യക്തമാക്കി. കൂടാതെ ഒരു വാർത്താ ചാനലുമായി ലൈവ് ടെലിവിഷൻ അഭിമുഖം നടത്തുകയും ഇന്റർനെറ്റ് സേവനത്തിലുള്ള തന്റെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ഇന്റർനെറ്റ് ഒരു സാങ്കേതിക ആഢംബരമല്ല, മറിച്ച് രാജ്യത്തെ വ്യോമയാന മേഖലയുടെ പരിവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു സേവനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നൂതനമായ ഡിജിറ്റൽ സേവനങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ‘സൗദിയ’യുടെ യാത്രയിൽ സൗദിയ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം അൽ ഉമർ അഭിമാനം പ്രകടിപ്പിച്ചു. ഈ സേവനം ഉടൻ തന്നെ എല്ലാ യാത്രക്കാർക്കും സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് യാത്രക്കാരുടെ താൽപ്പര്യം വർധിപ്പിക്കാനുള്ള സൗദിയയുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

