1.2 കോടി ചതുരശ്ര മീറ്റർ, മക്ക വികസനത്തിനുള്ള ‘കിങ് സൽമാൻ ഗേറ്റ്’പദ്ധതിക്ക് തുടക്കം

വിശുദ്ധ നഗരമായ മക്കയിൽ വികസനത്തിൻ്റെ അടുത്ത ഘട്ടമായി ‘കിങ് സൽമാൻ ഗേറ്റ്’ എന്ന ബൃഹദ് പദ്ധതിക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും ‘റുഅയ അൽഹറം അൽമക്കി’ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ്റെ രക്ഷാകർതൃത്വത്തിൽ തുടക്കം കുറിച്ചു. മസ്ജിദുൽ ഹറാമിനോട് ചേർന്നുള്ള പ്രദേശം ബഹുമുഖ ലക്ഷ്യങ്ങളുള്ള ആഗോള നിലവാരത്തിലുള്ള വികസന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

1.2 കോടിചതുരശ്ര മീറ്റർ മൊത്തം നിർമ്മിത വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി മക്കയുടെ, പ്രത്യേകിച്ച് കേന്ദ്ര പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ നഗരവികസനത്തിന് ഒരു ആഗോള മാതൃക സൃഷ്ടിക്കാനും തീർത്ഥാടകർക്ക് ഉന്നത നിലവാരമുള്ള സേവനങ്ങൾ നൽകി അവരുടെ മതപരവും സാംസ്കാരികവുമായ യാത്രയെ സമ്പന്നമാക്കാനും സാധിക്കും. ‘ദൈവത്തിൻ്റെ അതിഥികളുടെ സേവന പരിപാടിയുടെ’ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കം.

മസ്ജിദുൽ ഹറാമിനോട് ചേർന്ന് തന്ത്രപ്രധാനമായ സ്ഥലത്താണ് ‘കിങ് സൽമാൻ ഗേറ്റ്’ സ്ഥിതി ചെയ്യുന്നത്. ഇത് ഒരു ബഹുമുഖ ലക്ഷ്യസ്ഥാനമാണ്. ആരാധനാലയങ്ങൾക്ക് ചുറ്റുമുള്ള താമസസൗകര്യങ്ങൾ, സാംസ്കാരിക സൗകര്യങ്ങൾ, സേവന കേന്ദ്രങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കും. ഏകദേശം 9,00,000 ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ആന്തരിക പ്രാർത്ഥനാ ഹാളുകളും പുറത്തെ അങ്കണങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്നുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply