ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവെക്കരുത്, മുന്നറിയിപ്പുമായി സൗദി

റിയാദ് : ∙ ബാങ്കിങ്ങ് രഹസ്യ വിവരങ്ങൾ മറ്റാരോടും വെളിപ്പെടുത്താതെ സൂക്ഷിക്കേണ്ടതാണെന്നും, ചതികളിൽ പെടാതെ സൂക്ഷിക്കണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് സൗദി ബാങ്ക്സ് മീഡിയ ആൻഡ് ബാങ്കിങ് അവയർനസ് കമ്മിറ്റി ദേശീയ ബോധവൽക്കരണ ക്യാംപെയിനിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഒരു ബാങ്ക് ജീവനക്കാരനും ഉപയോക്താവിന്റെ ബാങ്ക് കാർഡ് രഹസ്യ നമ്പർ, പാസ്‌വേഡ്, മൊബൈൽ ഫോണിലേയ്ക്ക് അയച്ച ആക്ടിവേഷൻ കോഡ് (ഒടിപി) എന്നിവ ആവശ്യപ്പെടില്ലെന്നു അധികൃതർ വ്യക്തമാക്കി. ഇത്തരം വിവരങ്ങൾ ഓൺലൈനുകൾ വഴി കൈമാറിയതിന്റെ പേരിൽ ഉണ്ടായിട്ടുള്ള നിരവധി തട്ടിപ്പുകളിൽ നിന്ന് പാഠം ഉൾക്കൊള്ളേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഓൺലൈനുകൾ വഴി ഉണ്ടാകുന്ന ഇത്തരം തട്ടിപ്പുകളിൽ പ്പെട്ടുവെന്ന് മനസിലാക്കുന്ന പക്ഷം ബന്ധപ്പെട്ട അധികൃതരുമായി വേഗത്തിൽ ബന്ധപ്പെടേണ്ടതും അത്യന്താപേക്ഷിതമാണ്. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് തൊട്ടടുത്ത പൊലീസ് സ്റ്റേഷനെ സമീപിച്ചോ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.