ഹജ്ജ് സീസണിലെ വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് സൗദി സിവിൽ ഏവിയേഷൻ, തീർത്ഥാടകരുടെ വരവ് ഏപ്രിൽ 18 മുതൽ

സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) 2026 ഹജ്ജ് സീസണിലെ വിമാന സർവീസുകളുടെ ഔദ്യോഗിക സമയക്രമം പുറത്തിറക്കി. തീർത്ഥാടകരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമുള്ള സമയപരിധിയാണ് ഗാക്ക കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്‌രി, ഗ്രിഗോറിയൻ തീയതികൾ ഏകോപിപ്പിച്ചാണ് ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്ന ഈ സമയരേഖ തയ്യാറാക്കിയിട്ടുള്ളത്.

തീർത്ഥാടകരുടെ എത്തിച്ചേരൽ ഘട്ടം 2026 ഏപ്രിൽ 18 ശനിയാഴ്ച (1447 ദുൽഖഅ്ദ 01) ആരംഭിച്ച് 2026 മെയ് 21 വ്യാഴാഴ്ച (1447 ദുൽഹജ്ജ് 04) ന് അവസാനിക്കും. മടക്കയാത്രാ ഘട്ടം 2026 മെയ് 30 ശനിയാഴ്ച (1447 ദുൽഹജ്ജ് 13) ആരംഭിച്ച് 2026 ജൂൺ 30 ചൊവ്വാഴ്ച (1448 മുഹറം 15) വരെ നീളും. വിമാനകമ്പനികൾ അവരുടെ ഹജ്ജ് സർവീസുകൾക്കായുള്ള അപേക്ഷകൾ 2025 ഓഗസ്റ്റ് 24 മുതൽ 2026 മാർച്ച് 12 വരെയുള്ള കാലയളവിനുള്ളിൽ സമർപ്പിക്കണമെന്നും ഗാക്ക അറിയിച്ചു.

ഹിജ്‌രി കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ വ്യത്യാസം ഉണ്ടായാൽ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നതിന് ഗ്രിഗോറിയൻ കലണ്ടറിനായിരിക്കും മുൻഗണന. തീർത്ഥാടകരെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന എയർ കാരിയറുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി എയർലൈനുകൾക്ക് hud@gaca.gov.sa എന്ന ഇമെയിൽ വഴി ഹജ്ജ്, ഉംറ കാര്യ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply