സൗദി കിങ്ഡം മിക്‌സഡ് ചാമ്പ്യഷിപ്പിൽ മലയാളി താരം ഖദീജ നിസക്ക് സ്വർണം

ബാഡ്മിൻറൺ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. തുടർച്ചയായ മൂന്ന് സൗദി ദേശീയ ഗെയിംസിൽ സ്വർണം നേടിയതിന് പിന്നാലെ സൗദി കിങ്ഡം മിക്‌സഡ് ചാമ്പ്യൻഷിപ്പ് 2025 സീനിയർ വിഭാഗത്തിൽ മിക്‌സഡ് ഡബിൾസ് സ്വർണം നേടി വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് കൊടുവളളി സ്വദേശി ഖദീജ നിസ. സൗദിയിലെ 30 ക്ലബുകൾ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. റിയാദ് മലസ് ഇൻഡോർ സ്റ്റേഡയത്തിൽ നടന്ന ടൂർണമെൻറിൽ സവാരി ക്ലബിനുവേണ്ടി കളിച്ച ഖദീജ നിസ-അബ്ദുല്ല ഹാർതി മിക്‌സഡ് ഡബിൾസ് ടീം, അൽ ഹിലാൽ ക്ലബിലെ ഷാമിൽ മാട്ടുമ്മൽ-സീമ അൽഹർബി ടീമിനെയാണ് മുട്ടുകുത്തിച്ചത്.

റിയാദിൽ ഐ.ടി എൻജിനീയറായ കൂടത്തിങ്ങൽ അബ്ദുല്ലത്തീഫ്-ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് ടൂ പഠനം പൂർത്തിയാക്കി കോഴിക്കോട് ദേവഗിരി കോളജിൽ സ്പോർട്സ് മാനേജ്‌മെൻറ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. സൗദി താരങ്ങൾക്ക് പുറമെ ഫിലിപ്പീൻസ്, പാക്കിസ്താൻ, ഇന്തോനേഷ്യൻ, ഇന്ത്യൻ താരങ്ങളുമായി മാറ്റുരച്ച് 2022-ലും 23-ലും 24-ലും സൗദി ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയിരുന്നു. ദേശീയ ഗെയിംസിൽ വനിതാ സിംഗിൾസ് മത്സരത്തിൽ അണ്ടർ 19, സീനിയർ തുടങ്ങിയ പ്രത്യേക കാറ്റഗറികളില്ലാത്തതിനാൽ 30 വയസും പരിചയസമ്പത്തുളള താരങ്ങളുമായി മറ്റുരച്ചാണ് ദേശീയ ഗെയിംസിൽ സ്വർണം നേടിയത്. എട്ട് വയസ് മുതൽ പിതാവ് അബ്ദുല്ലത്തീഫിനൊപ്പം റിയാദിലെ മലയാളികളുടെ ബാഡ്മിൻറൺ ക്ലബായ സിൻമാർ അക്കാദമിയിലാണ് ഖദീജ നിസ കളി തുടങ്ങിയത്.
കഴിഞ്ഞ വർഷം സി.ബി.എസ്.ഇ ദേശീയ കായിക മേളയിൽ റിയാദ് മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്‌കൂളിനെ പ്രതിനിധീകരിച്ച ഖദീജ നിസ ബാഡ്മിൻറണിൽ സ്വർണം നേടിയിരുന്നു. ജി.സി.സി രാജ്യങ്ങളിലെയും ഇന്ത്യയിലെയും സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റുകളിൽ വിജയിച്ച താരങ്ങളാണ് രാജസ്ഥാനിലെ ജെയ്പൂർ ജുൻജുൻ അക്കാദമിയിൽ നടന്ന ബാഡ്മിൻറൺ മത്സരത്തിൽ മാറ്റുരച്ചത്. സൗദിയിലെ സി.ബി.എസ്.ഇ സ്‌കൂളുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ബാഡ്മിൻറണിൽ സ്വർണം നേടുന്നത്. സൗദിയിൽ ജനിച്ച വിദേശികൾക്ക് സൗദിയിലെ സ്പോർട്സ് ഇനങ്ങളിൽ സ്വദേശികളോടൊപ്പം മത്സരിക്കാൻ അനുമതി ലഭിച്ചതാണ് ഖദീജ നിസക്ക് തുണയായത്. സൗദി വുമൺ ചാമ്പ്യൻഷിപ്പിലും ദേശീയ ഗെയിംസിലും ചാമ്പ്യനായതോടെയാണ് കഴിഞ്ഞ വർഷം സൗദി ദേശീയ ബാഡ്മിൻറൺ ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply