സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയിൽ നിന്നും 2020-21 കാലഘട്ടത്തിൽ സൗദി തൊഴിൽ നിയമ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്താക്കപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് തങ്ങളുടെ സേവന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട നിയമസഹായം നൽകണമെന്ന് ഇന്ത്യൻ എംബസിയോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. പിരിച്ചുവിടപ്പെട്ട അഞ്ച് തൊഴിലാളികൾ ചേർന്ന് പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള 140 ഓളം തൊഴിലാളികളാണ് കൊവിഡ് കാലത്ത് നിയമം ലംഘിച്ച് പിരിച്ചുവിടപ്പെട്ടത്. രണ്ടു മാസത്തിനകം സർവീസ് ആനുകൂല്യങ്ങൾ നൽകാമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. തുടർന്ന് തൊഴിലാളികൾ എൻ.ആർ.ഐ കമ്മിഷൻ (കേരളം) സമീപിച്ചെങ്കിലും എംബസിയിൽ നിന്നും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞു കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ കേരള ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്.
2025 ആഗസ്റ്റ് 21 നു വന്ന വിധിയിൽ തൊഴിലാളികളുടെ ദുരവസ്ഥ കോടതി അംഗീകരിക്കുകയും, അവരുടെ പരാതികൾ ഇന്ത്യൻ എംബസി, സൗദി വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, തൊഴിലുടമ സൗദി കമ്പനിയായതിനാൽ തുടർന്നുള്ള നടപടി സൗദി സർക്കാരിന്റെയും തൊഴിൽ അധികാരികളുടെയും പരിധിയിലാണ് വരുന്നതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ തടയപ്പെട്ട സേവന ആനുകൂല്യങ്ങൾക്കായി തൊഴിലാളികൾ സൗദി തൊഴിൽ മന്ത്രാലയത്തെ സമീപിക്കുന്ന പക്ഷം സൗദിയിലെ ഇന്ത്യൻ എംബസി ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

