രാജ്യത്തെ ബഖാലകളിൽ (മിനി സൂപ്പർ മാർക്കറ്റ്) ഇനി സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും പഴം പച്ചക്കറികളും ഇറച്ചിയും വിൽക്കാനാവില്ല. മുനിസിപ്പൽ ഗ്രാമീണ ഭവനകാര്യ മന്ത്രാലയം ഇവയുടെ വിൽപന നിരോധിച്ചുകൊണ്ട് നിയമ പരിഷ്‌കാരം നടപ്പാക്കി. ബഖാല (മിനി സൂപ്പർ മാർക്കറ്റ്), സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവയുടെ നടത്തിപ്പിന് നിലവിലുള്ള നിയമാവലിയിലാണ് ഭേദഗതി വരുത്തിയത്.
ബഖാലകളിലും ചെറുകിട സ്റ്റാളുകളിലും പച്ചക്കറികളും പഴവർഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റും ഹുക്കയും പുകയിലയും വിൽക്കാൻ പാടില്ല. എന്നാൽ ഇവയെല്ലാം സൂപ്പർ മാർക്കറ്റുകളിൽ വിൽക്കാം. അതേസമയം സൂപ്പർ മാർക്കറ്റുകളിൽ ഇറച്ചി വിൽപനക്ക് പ്രത്യേക ലൈസൻസ് നേടണം. എന്നാൽ, ഹൈപ്പർ മാർക്കറ്റുകളിൽ ഈ വകതിരിവുകളില്ല. ഈ പറഞ്ഞ എല്ലാത്തരം ഉൽപന്നങ്ങളും വിൽക്കാൻ അനുമതിയുണ്ട്. പ്രീ-പെയ്ഡ് മൊബൈൽ ഫോൺ റീചാർജ് കൂപ്പണുകൾ, മൊബൈൽ ഫോൺ ചാർജറുകൾ എന്നിവ ബഖാലകളിലും സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും വിൽക്കാൻ അനുമതിയുണ്ട്. മുനിസിപ്പൽ കാര്യ മന്ത്രി മാജിദ് അൽഹുഖൈൽ ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം ബഖാലകൾക്ക് മിനിമം 24 ചതുരശ്രമീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം. സൂപ്പർമാർക്കറ്റുകൾക്ക് മിനിമം 100 ചതുരശ്രമീറ്ററും ഹൈപ്പർ മാർക്കറ്റുകൾക്ക് മിനിമം 500 ചതുരശ്രമീറ്ററുമാണ് ആവശ്യമായ വിസ്തീർണം. പുതിയ നിയമം നടപ്പായെങ്കിലും എന്നാൽ നിലവിലുള്ള സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ ആറു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

