സ്റ്റാറ്റിൻ മരുന്നുകൾ സുരക്ഷിതമെന്ന് സൗദി ആരോഗ്യ മന്ത്രാലയം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പ്

കൊളസ്ട്രോൾ കുറയ്ക്കുന്ന സ്റ്റാറ്റിൻ മരുന്നുകൾ സുരക്ഷിതമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദിയിൽ ഉപയോഗത്തിൽ ഇരിക്കുന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങളുടെ പ്രചരണം ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.
സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ സംശയം ജനിപ്പിക്കുന്ന പ്രചാരണത്തെ തുടർന്ന് മരുന്നുകൾ കഴിച്ചിരുന്ന രോഗികൾ ഡോക്ടറുടെയൊ ആരോഗ്യ വിദഗ്ധന്റെയോ ഉപദേശം തേടാതെ സ്വയം മരുന്നു കഴിക്കുന്നത് നിർത്തുന്നതിന് കാരണമായി. മരുന്ന് ഉപയോഗിക്കുന്നത് സ്വന്തം നിലക്ക് നിർത്തി വച്ചത് രോഗികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയതായി ആരോഗ്യവകുപ്പ് കണ്ടെത്തി.

രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്നതോ അവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ വിശ്വസനീയമല്ലാത്ത പ്രസ്താവനകൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിക്കൊണ്ട്, ആരോഗ്യ സംരക്ഷണ വിദഗ്ധർ പ്രഫഷനൽ ധാർമ്മികത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രോഗികളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാണെന്ന് തെളിയിക്കപ്പെട്ട ആർക്കും എതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്നും വകുപ്പ് മുന്നറിയിപ്പും നൽകുന്നുണ്ട്.

സ്റ്റാറ്റിനുകൾ ഉൾപ്പെടെയുള്ള കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ സുരക്ഷിതമാണെന്നും സൗദിയിലേയും, രാജ്യാന്തര തലത്തിലും അധികാരികളും അംഗീകരിച്ചതാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിനും ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ അനുബന്ധമായ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് സങ്കീർണതകൾ കുറയ്ക്കുന്നതിനും അവ ഉപയോഗിക്കുന്നു. ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുമായി കൂടിയാലോചിക്കാതെ ഏതെങ്കിലും ചികിത്സ നിർത്തുകയോ മാറ്റുകയോ ചെയ്യരുതെന്ന് മന്ത്രാലയം വ്യക്തമായി പറയുന്നു.

വിശ്വസനീയമായ വിവരങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യ അവബോധ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനുമായി തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നതായി തെളിയിക്കപ്പെട്ട ഏതൊരാൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ സ്ഥിരീകരിച്ചു.

പ്രമേഹ സാധ്യത വർധിപ്പിക്കൽ, പേശി വേദന, ഓർമശക്തിയെ ബാധിക്കുന്നത് തുടങ്ങിയ പാർശ്വഫലങ്ങളാണെന്നും മറ്റുമുള്ള തെറ്റായ പ്രചരണങ്ങളാണ് കൊളസ്ട്രോൾ മരുന്നുകളെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ നടന്നത്. കൊളസ്ട്രോൾ ചികിത്സിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഒരു ഓപ്ഷനായി മരുന്നുകൾക്ക് പകരം പ്രകൃതിദത്ത കൊഴുപ്പുകൾ ഉപയോഗിക്കാനുള്ള സാധ്യത ഊന്നിപ്പറഞ്ഞുകൊണ്ട് രോഗികൾക്ക് വസ്തുതകൾ വ്യക്തമാക്കുന്നതിനായി സ്പെഷ്യലിസ്റ്റുകളുടെ ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ ചില ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply