മസ്ജിദുൽ ഹറാമിലേക്ക് തീർഥാടകരുടെ യാത്രക്ക് ഒരുക്കിയ ഷട്ടിൽ ബസുകളുടെ സേവന നിലവാരം പരിശോധിക്കാൻ ഗതാഗത-ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ യാത്രക്കാരനായി. പുണ്യസ്ഥലങ്ങൾക്കും മസ്ജിദുൽ ഹറാമിനുമിടയിൽ സുരക്ഷിതമായ ഗതാഗത അനുഭവം ഉറപ്പാക്കുന്നതിനാണ് ഗതാഗതമന്ത്രി ജംറയിൽനിന്ന് മസ്ജിദുൽ ഹറാമിലേക്കും തിരിച്ചും സർവിസ് നടത്തുന്ന ബസുകളിൽ യാത്രക്കാരനായത്.
ജംറക്ക് പടിഞ്ഞാറുഭാഗത്ത് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ജനറൽ ട്രാൻസ്‌പോർട്ട് സെന്റർ ആണ് ബസ് സ്‌റ്റേഷനുകൾ സ്ഥാപിച്ചത്. തീർഥാടകർക്ക് ‘ത്വവാഫുൽ ഇഫാദ’ നിർവഹിക്കുന്നതിനും അവരുടെ കർമങ്ങൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ ഗതാഗത സൗകര്യമൊരുക്കുന്നതിനാണ് ഈ സ്റ്റേഷൻ സ്ഥാപിച്ചത്. പ്രത്യേക റൗണ്ട് ട്രിപ് പാത ഷട്ടിൽ ബസുകൾക്കായി ഒരുക്കിയിരുന്നു. യാത്രക്ക് ഏകദേശം 20 മിനിറ്റ് എടുക്കും. 125 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന നൂറ് ബസുകൾ ഒരുക്കിയിരുന്നു. മണിക്കൂറിൽ 20,000 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും.