വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി ഫിലിപ്പേിനോ സയാമീസ് ഇരട്ടകളായ അകീസയേയും ആയിശയേയും കുടുംബത്തോടൊപ്പം റിയാദിലെത്തിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കൽ ഇവാക്യുവേഷൻ വിമാനം വഴിയാണ് സയാമീസ് ഇരട്ടകളെ ഫിലിപ്പൈൻസിൽ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തിച്ചത്.
ഇരട്ടകളെ പിന്നീട് നാഷനൽ ഗാർഡ് മന്ത്രാലയത്തിന്റെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ കുട്ടികളെ വേർപ്പെടുത്താനുള്ള സാധ്യത പഠനങ്ങളും മറ്റ് ആരോഗ്യ പരിശോധനകളും നടക്കും. അത് പൂർത്തിയായ ശേഷമായിരിക്കും വേർപ്പെടുത്തൽ ശസ്ത്രക്രിയ നടക്കുക. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനും മാനുഷിക പ്രവർത്തനത്തിനും സൗദി ഭരണകൂടം നൽകുന്ന താൽപ്പര്യത്തിനും പിന്തുണയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ മെഡിക്കൽ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു.
സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള പ്രോഗ്രാം അന്താരാഷ്ട്ര തലത്തിൽ ആ മേഖലയിൽ ഒരു നാഴികക്കല്ലാണ്. സൗദി മെഡിക്കൽ സേവനങ്ങളെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ അതിമോഹമായ ലക്ഷ്യങ്ങൾ ഇത് കൈവരിക്കുന്നുവെന്നും അൽറബീഅ പറഞ്ഞു. സൗദിയിലെത്തിയ ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇരട്ടകളുടെ ബന്ധുക്കൾ ആത്മാർത്ഥമായ നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു. ഫിലിപ്പീൻസിലെ അൽറഹ്‌മ ഇസ്‌ലാമിക് ഫൗണ്ടേഷനാണ് കിങ് സൽമാൻ റിലീഫ് സെൻററിലേക്ക് ഞങ്ങളെ നയിക്കുകയും സൗദി അറേബ്യയിലേക്ക് പോകാൻ ഉപദേശിക്കുകയും ചെയ്തതെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കാണ് ഇവിടെ വന്നത്. അതിൽ ഞങ്ങൾ വളരെ സന്തുഷ്ടരും നന്ദിയുള്ളവരുമാണ്. ആദ്യമായാണ് സൗദി അറേബ്യയിലെത്തുന്നതെന്നും സയാമീസ് ഇരട്ടകളുടെ മാതാവ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

