വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകളടക്കമുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ വിനിമയം ചെയ്യാൻ ആവശ്യപ്പെടുന്ന നിയമത്തിന്റെ മൂന്നാംഘട്ടം പ്രാബല്യത്തിൽ. മൂന്നോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിലുടമകൾക്കാണ് ഈ ഘട്ടത്തിൽ നിയമം ബാധകമാകുന്നത്. ബുധനാഴ്ച (ജൂലൈ ഒന്ന്) മുതലാണ് നിയമപ്രാബല്യം. നിയുക്ത ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ശമ്പളം വിതരണം ചെയ്യണം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം നടപ്പാക്കുന്നത്.
ഗാർഹിക തൊഴിലാളികളുടെ വേതന അവകാശ സംരക്ഷണം ഉറപ്പാക്കുക, ഗാർഹിക തൊഴിലാളി സേവന മേഖല വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയ ശ്രമങ്ങളെ പിന്തുണക്കുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ വർധിപ്പിക്കുക എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യം. മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് മൂന്നാം ഘട്ടം ബാധകമാണ്.
ഈ വർഷം ജനുവരി ഒന്നിനായിരുന്നു രണ്ടാം ഘട്ടം നടപ്പായത്. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കായിരുന്നു രണ്ടാംഘട്ടം. ഈ വർഷം ഒക്ടോബർ ഒന്നു മുതൽ രണ്ടോ അതിലധികമോ തൊഴിലാളികളുള്ളവർക്ക് ഈ നിയമം ബാധകമാകും. 2026 ജനുവരി ഒന്ന് മുതൽ ഒരു ഗാർഹിക തൊഴിലാളിയുള്ള തൊഴിലുടമക്കും ബാധകമാകും. വീട്ടുജോലിക്കാരുടെ ശമ്പളം ഇലക്ട്രോണിക് രീതിയിൽ കൈമാറുന്നതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ശമ്പള വിതരണ പ്രക്രിയയിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഈ നിയമമെന്ന് മന്ത്രാലയം പറഞ്ഞു. ഈ സേവനം ഡിജിറ്റൽ വാലറ്റുകളിലൂടെയും ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി അംഗീകൃത ബാങ്കുകളിലൂടെയും സുഗമമാക്കുന്നു. തൊഴിലാളി-തൊഴിലുടമ കരാർ ബന്ധത്തിലെ ഇരുകക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.
ഗാർഹിക തൊഴിലാളികളുടെ ശമ്പളം നിയുക്ത ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന സേവനത്തിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇത് ‘മുസാനിദി’ൽ രജിസ്റ്റർ ചെയ്ത ഗാർഹിക ജോലിക്കാർക്ക് ശമ്പളം ലഭിക്കുന്നുണ്ടെന്നുള്ള വ്യക്തമായ തെളിവായി മാറുന്നു.
കരാർ ബന്ധം അവസാനിപ്പിക്കുമ്പോഴോ യാത്രയിലോ തൊഴിലുടമക്ക് തൊഴിലാളിക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നു. തൊഴിലാളിക്ക് പതിവായും സ്ഥിരമായും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. തൊഴിലാളിക്ക് തന്റെ മാതൃരാജ്യത്തുള്ള കുടുംബത്തിന് ശമ്പളം കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നിയുക്ത ഔദ്യോഗിക ചാനലുകൾ വഴി നേരിട്ട്, എളുപ്പത്തിലും സുരക്ഷിതമായും അയക്കാനും ഇതിലൂടെ സാധിക്കും.