വിസിറ്റ് വിസയിലെത്തുന്നവർ ഉൾപ്പെടെ സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും സമൂഹമാധ്യമ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ സൗദി മീഡിയ റെഗുലേഷൻ ജനറൽ അതോറിറ്റി ലൈസൻസ് നിർബന്ധമാക്കി. ഇത്തരം ആളുകളുമായി കരാറിലേർപ്പെടും മുമ്പ് അവർക്ക് ലൈസൻസുണ്ടോയെന്ന് ഉറപ്പാക്കാൻ രാജ്യത്തെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായ ഇൻഫ്ലുവൻസർമാരെയും മറ്റ് സെലിബ്രിറ്റികളെയും തങ്ങൾക്കാവശ്യമായ പരസ്യങ്ങൾ നിർമിക്കുന്നതിന് വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ ഉപയോഗിക്കാറുണ്ട്. സൗദിയിലുള്ളവർക്ക് പുറമെ വിദേശങ്ങളിൽനിന്ന് വിസിറ്റ് വിസയിൽ കൊണ്ടുവന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഇപ്പോൾ വ്യാപകമാണ്. ഇതിനാണ് ഇപ്പോൾ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതോറിറ്റി നൽകുന്ന ‘മൗസൂഖ്’ എന്ന ലൈസൻസുള്ളവരുമായി മാത്രമേ സ്ഥാപനങ്ങൾ പരസ്യത്തിനുവേണ്ടിയുള്ള കരാറുകളിൽ ഏർപ്പെടാവൂ എന്നാണ് കർശന നിർദേശം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും ഇൻഫ്ലുവൻസർമാർക്കും എതിരെ ശക്തമായ നിയമനടപടിയും സാമ്പത്തിക പിഴയുമുണ്ടാവുമെന്ന് മുന്നറിയിപ്പുമുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ ഉല്പന്നങ്ങളുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ ചെയ്യുന്ന സ്വദേശികളും വിദേശികളുമായി മുഴുവനാളുകൾക്കും മൗസൂഖ് ലൈസന്‍സ് നിര്‍ബന്ധമാണ്. നേരത്തെ തന്നെയുള്ള ഈ നിബന്ധന ഇപ്പോൾ കൂടുതൽ കർശനമാക്കുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ്, ടിക്ടോക്, സ്നാപ് ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ നെറ്റുവർക്കുകളിലൂടെ പരസ്യം ചെയ്യുന്ന ആളുകൾക്ക് 2022 ഒക്ടോബറിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കിയത്. പരസ്യരംഗത്തെ ദുഷ്പ്രവണതകളെയും ചൂഷണങ്ങളെയും തട്ടിപ്പുകളെയും തടയാനാണ് ഈ നിയന്ത്രണം അതോറിറ്റി കൊണ്ടുവന്നത്. ഇപ്പോൾ രാജ്യത്തിന് പുറത്തുനിന്നെത്തുന്ന ഇൻഫ്ലുവൻസർമാരെ കൂടി ഈ ലൈസൻസിന്റെ പരിധിയിലേക്ക് കൊണ്ടുവരുകയാണ് ചെയ്തത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

