സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് ഇനി ലഗേജ് ക്ലിയറൻസിനെ കുറിച്ച് ആശങ്ക വേണ്ട. യാത്രാ നടപടി എളുപ്പമാക്കാൻ ‘പാസഞ്ചർ വിത്തൗട്ട് ബാഗ്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. യാത്രക്കാരുടെ ലഗേജുകൾ വീടുകളിൽ വന്ന് ശേഖരിക്കുന്നതും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുമാണ് പുതിയ പദ്ധതി. നേരത്തെയുള്ള ഈ പദ്ധതി വിപുലമായാണ് നടപ്പാക്കുക. സൗദിയിലെ എയർപോർട്ട് ഹോൾഡിങ് കമ്പനിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ എയർപോർട്ടുകളിൽ ഇനി മുതൽ യാത്രാ നടപടിക്രമങ്ങൾ ഏറെ എളുപ്പമാകും. യാത്ര പുറപ്പെടുന്നതിന് മുമ്പ് വീട്ടിലിരുന്ന് തന്നെ ലഗേജ് ക്ലിയറൻസ് പൂർത്തിയാക്കാൻ സാധിക്കുന്നതാണ് പുതിയ പദ്ധതി. സൗദിയിലെ മുഴുവൻ വിമാനത്താവളങ്ങൾ വഴിയും യാത്ര നടത്തുന്നവർക്ക് ഈ സേവനം ലഭ്യമാകും.
യാത്ര നടത്തുന്ന എയർലൈൻസിൽ ഇതിന് ആദ്യം ബുക്കിങ് നടത്തുകയും മുഴുവൻ രേഖകൾ ഹാജരാക്കുകയും വേണം. ലഗേജിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. തുടർന്ന് യാത്ര പുറപ്പെടുന്നതിന്ന മുമ്പ് എയർലൈൻ ജീവനക്കാർ വീട്ടിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. എയർപോർട്ടുകളിലെ കാത്തിരിപ്പ് സമയം കുറക്കാനും നടപടിക്രമങ്ങൾ എളുപ്പമാക്കാനും എയർപോർട്ടിലേക്കുള്ള യാത്രയിൽ ലഗേജിന്റെ ഭാരം ഒഴിവാക്കാനും പുതിയ സേവനത്തിലൂടെ സാധിക്കും.
ഈ വർഷം ആദ്യ പാദം തന്നെ പദ്ധതി നിലവിൽ വരുമെന്നാണ് പ്രഖ്യാപനം. ഒറ്റക്കുള്ള യാത്രയിലും ആഭ്യന്തര യാത്രകളിലുമെല്ലാം സേവനം ലഭ്യമാകും. രാജ്യത്തിലെ വിമാനത്താവളങ്ങളെ ലോകോത്തര നിലവാരത്തിൽ ഉയർത്തുന്ന പദ്ധതി സൗദിയുടെ വിഷൻ 2030 ഭാഗമായാണ് പ്രഖ്യാപിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

