ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്ബ കഴുകി. ഞായാറാഴ്ച രാവിലെ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അലിന്റെ മേൽനോട്ടത്തിലാണ് ചടങ്ങ് നടന്നത്. മക്ക മസ്ജിദുൽ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവർണറെ ഹജ്ജ്-ഉംറ മന്ത്രിയും ഇരുഹറം കാര്യാലയ ജനറൽ അതോറിറ്റി ഡയറക്ടറുമായ ഡോ. തൗഫീഖ് അൽറബീഅയും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ചേർന്ന് സ്വീകരിച്ചു. ശേഷം ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിവെച്ച പനിനീരും സംസവും ചേർത്ത മിശ്രിതം ഉപയോഗിച്ച് തുണിക്കഷ്ണങ്ങൾ കൊണ്ട് കഅ്ബയുടെ അകത്തെ ചുവരുകളും മറ്റ് ഭാഗങ്ങളും കഴുകി.
ഹജ്ജ് ഉംറ മന്ത്രി, ഇരുഹറം മതകാര്യാലയ മേധാവി എന്നിവർക്ക് പുറമെ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ, വിവിധ രാജ്യങ്ങളുടെ മുസ്ലിം നയതന്ത്രജ്ഞർ, കഅ്ബയുടെ പരിപാലകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രവാചക ചര്യ പിന്തുടർന്നാണ് ഒരോ വർഷവും കഅ്ബ കഴുകുന്നത്. ഏറ്റവും മികച്ച രീതികളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് കഅ്ബയുടെ കിസ്‌വ പരിപാലിക്കുന്നതും കഴുന്നതുന്നതും സുഗന്ധംപൂശി വൃത്തിയാക്കുന്നതും എല്ലാ വർഷവും നടത്തിവരുന്നതാണ്. കഅ്ബയുടെ പവിത്രതയെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും സൗദി ഭരണകൂടം അതീവ ശ്രദ്ധയാണ് നൽകിവരുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

