മക്കയിൽ കഅ്ബയുടെ ഉൾഭാഗത്ത് അറ്റകുറ്റപണികൾ ആരംഭിച്ചു. കഅ്ബക്ക് ചുറ്റും പൂർണമായും മറച്ചുകെട്ടിയാണ് അറ്റകുറ്റപണികൾ പുരോഗമിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ വരും ദിവസങ്ങളിലും തുടരും.പുലർച്ചെ മുതലാണ് വിശുദ്ധ കഅ്ബക്കകത്ത് അറ്റകുറ്റ പണികൾ ആരംഭിച്ചത്. കഅ്ബക്ക് ചുറ്റും അകത്തേക്ക് കാണാൻ കഴിയാത്ത വിധം ഉയരത്തിൽ മറച്ചു കെട്ടിയാണ് നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. കഅ്ബയുടെ വടക്ക് ഭാഗത്തുള്ള ഹിജ്ർ ഇസ്മാഈലും മറച്ച് കെട്ടിയതിൽ ഉൾപ്പെടും. ഇവിടെയാണ് പ്രധാനമായും അറ്റകുറ്റപണികൾ നടക്കുന്നത്.
കഅ്ബ പൂർണമായും മറക്കുള്ളിലായതിനാൽ ഇപ്പോൾ കഅ്ബയെ സ്പര്‍ശിക്കാനോ, ഹജറുൽ അസ്‌വദ് കാണാനോ ചുംബിക്കാനോ സാധിക്കില്ല. എങ്കിലും വിശ്വാസികൾക്ക് ത്വവാഫ് അഥവാ കഅ്ബാ പ്രദക്ഷിണവും നമസ്കാരം ഉൾപ്പെടെയുള്ള മറ്റു ആരാധനകളും തടസങ്ങളില്ലാതെ പൂർത്തിയാക്കാം. കൂടാതെ കഅ്ബയുടെ വാതിൽ മുതൽ മുകളിലേക്കുള്ള ഭാഗം വിശ്വാസികൾക്ക് കാണാനും സാധിക്കും.
മറച്ച് കെട്ടിയതിനകത്തേക്ക് പ്രത്യേക അനുമതിയുള്ള തൊഴിലാളികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. സൌദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടവകാശിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം, ധനകാര്യ മന്ത്രാലയത്തിന്റെയും മറ്റു സർക്കാർ ഏജൻസികളുടേയും മേൽനോട്ടത്തിലാണ് കഅ്ബയിലെ നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

