പുതിയൊരു തരം പെട്രോൾ കൂടിയെത്തുന്നു, സൗദിയിലെ ഇന്ധന സ്റ്റേഷനുകളിൽ ഉടൻ ലഭ്യമാകും

സൗദി അറേബ്യയിലെ വിവിധ തരം വാഹനങ്ങളുടെ എൻജിൻ ശേഷിക്കും പ്രവർത്തന മികവിനും അനുയോജ്യമായ രീതിയിൽ മൂന്ന് തരം പെട്രോളുകൾ ഇനി മുതൽ ഇന്ധന സ്റ്റേഷനുകളിൽ ലഭ്യമാകും. നിലവിലുള്ള 91, 95 ഒക്ടേൻ പെട്രോളുകൾക്ക് പുറമെ, പുതുതായി ‘98 ഒക്ടേൻ’ പെട്രോൾ കൂടി ഈ ജനുവരി മാസം മുതൽ വിതരണത്തിനെത്തും. വാഹനങ്ങളുടെ വൈവിധ്യമാർന്ന എൻജിൻ സാങ്കേതികവിദ്യകളും പ്രകടന ആവശ്യകതകളും പരിഗണിച്ചാണ് ഉപഭോക്താക്കൾക്കായി കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കുന്നത്.

കുറഞ്ഞതോ ഇടത്തരമോ ആയ മർദ്ദത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സാധാരണ എൻജിനുകൾക്കും അനുയോജ്യമായ ഇന്ധനമാണ് പെട്രോൾ 91. മികച്ച പ്രവർത്തനക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഇത് ഉറപ്പാക്കുന്നു. പെട്രോൾ 95 ഇടത്തരം മുതൽ ഉയർന്ന മർദ്ദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പെട്രോൾ 98 അതിവേഗ സ്പോർട്സ് കാറുകൾ പോലെയുള്ള ഉയർന്ന ആഭ്യന്തര മർദ്ദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. എൻജിനുള്ളിൽ ഇന്ധനം വെറുതെ ജ്വലിക്കുന്നത് ഒഴിവാക്കാൻ ഇത്തരം കരുത്തുറ്റ എൻജിനുകൾക്ക് ഉയർന്ന ഒക്ടേൻ നിരക്കുള്ള ഇന്ധനം അത്യാവശ്യമാണ്.

നിലവിലുള്ള ഇന്ധനങ്ങളുടെ വിതരണത്തെ ബാധിക്കാത്ത രീതിയിലാണ് പുതിയ 98 ഒക്ടേൻ പെട്രോൾ വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ ആകെ വാഹനങ്ങളിൽ ഏകദേശം 0.5 ശതമാനം മാത്രമാണ് ഉയർന്ന ഒക്ടേൻ ഇന്ധനം ആവശ്യമുള്ള സ്പോർട്സ്/ഹൈ-പെർഫോമൻസ് വാഹനങ്ങൾ. ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലുമായിരിക്കും 98 ഒക്ടേൻ പെട്രോൾ ലഭ്യമാകുക. ഈ നഗരങ്ങളിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലായുള്ളത് എന്നത് പരിഗണിച്ചാണ് ഈ തീരുമാനം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply