സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ തുടരുന്നു. ഒരാഴ്ചയ്ക്കിടെ സൗദിയിൽ 16,899 നിയമലംഘകരെ പിടികൂടി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 16,899 പേരാണ് അറസ്റ്റിലായത്. രാജ്യത്ത് ഉടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
11,033 പേർ താമസനിയമം ലംഘിച്ചവരും 3,493 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,373 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 769 പേർ അറസ്റ്റിലായി. ഇതിൽ 39 ശതമാനം യമനികളും 58 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 80 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസം, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്‌തിരുന്ന 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
മൊത്തം 52,369 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 46,431 പുരുഷന്മാരും 5,938 സ്ത്രീകളുമാണ്. ഇവരിൽ 46,743 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 1,716 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് ശുപാർശ ചെയ്തു. 9,147 നിയമലംഘകരെ ഒരാഴ്ചക്കിടെ നാടുകടത്തി. നുഴഞ്ഞു കയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാർപ്പിടമോ മറ്റെന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

