ഹജ്ജ് തീർഥാടകർക്ക് മികച്ച സൗകര്യമൊരുക്കാനായി ഞങ്ങൾ ശ്രമങ്ങൾ തുടരുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മിനയിലെ കൊട്ടാരത്തിൽ ഈദുൽ അദ്ഹ ആശംസകൾ നേരാനെത്തിയവർക്ക് വേണ്ടി ഒരുക്കിയ സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാൻ രാജാവിന്റെ പേരിൽ പൗരന്മാർക്കും താമസക്കാർക്കും തീർഥാടകർക്കും കിരീടാവകാശി ഈദാശംസകൾ നേർന്നു.
ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിൽ തുടർച്ചയായ വിജയം കൈവരിക്കുന്നത് ഇരുഹറമുകൾക്കും പുണ്യസ്ഥലങ്ങൾക്കും അവയിലെ സന്ദർശകർക്കും സേവനം നൽകാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഫലമാണ്. തീർഥാടകർക്ക് ആശ്വാസം നൽകുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ തുടരും.
തീർഥാടകരെ സുരക്ഷിതമായും സമാധാനത്തോടെയും ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ പ്രാപ്തരാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ നയം നടപ്പാക്കുന്നതിൽ വിവിധ സർക്കാർ മേഖലകളിലെ ജീവനക്കാരുടെയും പുരുഷ-വനിത വളന്റിയർമാരുടെയും നിരന്തര പരിശ്രമത്തെ കിരീടാവകാശി പ്രശംസിച്ചു.
രാജ്യത്ത് സുരക്ഷയുടെയും ഭദ്രതയുടെയും അനുഗ്രഹങ്ങൾ ശാശ്വതമാക്കണമെന്നും ഈ മഹത്തായ കടമ പരമാവധി നിർവഹിക്കാൻ നമ്മെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പ്രാർഥിച്ചു. പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹ്ബാസ് ശരീഫ്, അമീറുമാർ, സൗദി ഗ്രാൻഡ് മുഫ്തി, പണ്ഡിതന്മാരും ശൈഖുമാരും, ജി.സി.സി രാജ്യങ്ങളിലെ മുതിർന്ന ക്ഷണിതാക്കൾ, മന്ത്രിമാർ, ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്ന സൈനിക മേഖലകളുടെ കമാൻഡർമാർ, സ്‌കൗട്ട് കുടുംബത്തിലെ ക്യാപ്റ്റന്മാർ എന്നിവർ കിരീടാവകാശി സ്വീകരിച്ചവരിലുൾപ്പെടും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

