ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കൊണ്ടുപോയ 418 കാറുകളെയും അവയുടെ ഡ്രൈവർമാരെയും പൊതുഗതാഗത അതോറിറ്റി പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നിരീക്ഷണ ക്യാമ്പയിനിലൂടെയാണ് ഇത്രയും വാഹനങ്ങൾ പിടികൂടിയത്.
വിമാനത്താവളങ്ങളിൽ നിന്ന് ഇങ്ങനെ അനധികൃത ടാക്സി സർവിസ് നടത്തിയവരാണ് കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഈ നിയമലംഘനത്തിനെതിരായ നടപടി കടുപ്പിക്കുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. അനധികൃത ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ 5,000 റിയാൽ പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഉൾപ്പെടെയുള്ള ശിക്ഷാനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
യാത്രക്കാർക്ക് സുഗമവും സുരക്ഷിതവും സുഖപ്രദവുമായ ഗതാഗതാനുഭവം പ്രദാനം ചെയ്യാനും വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വ്യാജ ടാക്സികൾക്കെതിരെ ഗതാഗത അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ചുള്ള സമീപകാല നടപടിയാണെന്ന് അതോറിറ്റി പറഞ്ഞു. വിമാനത്താവളങ്ങളിൽനിന്ന് പെർമിറ്റ് ഇല്ലാതെ ആളുകളെ കയറ്റിക്കൊണ്ടുപോകുന്ന പ്രവണത കുറക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ഈ നടപടിക്രമത്തിന്റെ ഫലമായുണ്ടാകുന്ന എല്ലാ ചെലവുകളും നിയമം ലംഘിക്കുന്നയാൾ വഹിക്കേണ്ടി വരുമെന്നും അതോറിറ്റി അറിയിച്ചു. ടാക്സി സർവിസ് നടത്താൻ ലൈസൻസുള്ള കമ്പനികളിൽ ചേരാൻ അനധികൃത ടാക്സിക്കാരോട് അതോറിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി അതോറിറ്റി നടപ്പാക്കുന്ന പ്രോത്സാഹന പരിപാടിയുടെ പ്രയോജനം ഇതിലൂടെ നേടാൻ കഴിയുമെന്നും അറിയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

