ഗ്രോസറി സ്റ്റോറുകളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി

സൗദിയില്‍ ഗ്രോസറി സ്റ്റോറുകളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും വിലക്കിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ മറ്റു പാനിയങ്ങളില്‍ നിന്നും ഭക്ഷ്യ ഉത്പന്നങ്ങളില്‍ നിന്നും വേറിട്ട് പ്രദര്‍ശിപ്പിക്കണമെന്നും വാണിജ്യ, മുനിസിപ്പല്‍ മന്ത്രലായങ്ങള്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.

മുനിസിപ്പല്‍ ഭവനകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് രാജ്യത്തെ ഗ്രോസറി ഷോപ്പുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ഗ്രോസറികളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. മുനിസിപ്പല്‍ മന്ത്രാലയത്തിന്‍റെ “ഇസ്തിത്‌ല” പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച പലചരക്ക് കടകൾ, സപ്ലൈസ്, സെൻട്രൽ മാർക്കറ്റുകൾ കിയോസ്കുകള്‍ എന്നിവക്കാണ് വിലക്ക് ബാധകമാകുക.

പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും ഇവിടങ്ങളില്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പുറപ്പെടുവിച്ച നിബന്ധനകള്‍ക്ക് വിധേയമായി ലൈസന്‍സ് അനുവദിച്ചിട്ടുള്ള സപ്ലൈ സ്റ്റോറുകളില്‍ ഇവ വില്‍ക്കുന്നതിന് തുടര്‍ന്നു അനുമതിയുണ്ടാകും. ഇത്തരം ഷോപ്പുകളില്‍ സന്ദർശിക്കുന്നവർക്ക് നേരിട്ട് കാണാന്‍ സാധിക്കാത്ത രീതിയില്‍ ആയിരിക്കണം ഉത്പന്നങ്ങള്‍ സൂക്ഷിക്കേണ്ടത്.

അദൃശ്യമായ രീതിയില്‍ അടച്ച ഡ്രോയറുകളിൽ ഇവ സൂക്ഷിക്കണം. വില്‍പ്പന നടത്തുമ്പോള്‍ ഉപഭോക്താവ് പതിനെട്ട് വയസ്സിന് മുകളിലുള്ളവരാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. എനര്‍ജി ഡ്രിങ്കുകള്‍ മറ്റ് പാനിയങ്ങളില്‍ നിന്നും ഭക്ഷ്യ ഉത്പന്നങ്ങളില്‍ നിന്നും വേറിട്ട രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply