റമദാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ. ശാശ്വതവും സുസ്ഥിരവുമായി വെടിനിർത്തുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, അന്താരാഷ്ട്ര നിയമത്തിലെ ബാധ്യതകൾ കക്ഷികൾ പാലിക്കുക, ഗസ്സയിലെ മുഴുവൻ സാധാരണക്കാർക്കും മാനുഷിക സഹായം എത്തിക്കുന്നത് വിപുലീകരിക്കുക, അവരുടെ സംരക്ഷണം വർധിപ്പിക്കുക എന്ന അവസ്ഥയിലേക്ക് പ്രമേയം നയിക്കുമെന്ന് സൗദി അഭിപ്രായപ്പെട്ടു.
ഗാസ്സയിലെ സിവിലിയന്മാർക്കെതിരായ ഇസ്രായേൽ അധിനിവേശം തടയാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം സൗദി ആവർത്തിച്ചു. ഗസ്സയിലെ ദുരിതങ്ങൾ അവസാനിപ്പിക്കേണ്ടത് ലോക മാനവരാശിയുടെ ഏറ്റവും വലിയ ആവശ്യമാണ്.
ഫലസ്തീൻ ജനതക്ക് പ്രതീക്ഷ നൽകണം. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കണം.
പുനരാലോചനയില്ലാതെ അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നുമുള്ള ആവശ്യം സൗദി ആവർത്തിച്ചുന്നയിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

