ഇസ്രായേൽ- ഇറാൻ സംഘർഷം; ഹജ്ജ് തീർഥാടകരെ അറാറിൽനിന്ന് കരമാർഗം ഇറാനിലേക്ക് അയക്കും

ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ കുടുങ്ങിയ ഇറാനിയൻ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ആദ്യ വിമാനം മദീനയിൽനിന്ന് അറാർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അറാർ അതിർത്തി കവാടംവഴി ഇറാനിലേക്ക് കരമാർഗം എത്തിക്കുന്നതിനുള്ള മുന്നോടിയായാണിത്. മാതൃരാജ്യത്തേക്ക് സുരക്ഷിതരായി മടങ്ങാൻ സാഹചര്യം ഒരുങ്ങുന്നതുവരെ അവർക്ക് എല്ലാ സൗകര്യങ്ങളും കരുതലും നൽകണമെന്ന സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾക്ക് അനുസൃതമായാണ് നടപടി. ഇറാനിലെ ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്നാണ് വിമാനമാർഗമുള്ള ഇറാൻ തീർഥാടകരുടെ മടക്കയാത്ര പ്രതിസന്ധിയിലായത്.

ഇതേ തുടർന്നാണ് ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി ആഭ്യന്തര വിമാനങ്ങളിൽ തീർഥാടകരെ അറാർ വിമാനത്താവളത്തിലെത്തിച്ച് അവിടെനിന്ന് കരമാർഗം ഇറാനിലേക്ക് എത്തിക്കാനുള്ള പദ്ധതി ഹജ്ജ് ഉംറ മന്ത്രാലയം സ്വീകരിച്ചത്. നിർദേശത്തെ തുടർന്ന് മക്കയിലും മദീനയിലും ഇറാനിയൻ തീർഥാടകരുടെ അവസ്ഥ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനുമായി ഹജ്ജ്, ഉംറ മന്ത്രാലയം ഒരു പ്രത്യേക ഓപറേഷൻ റൂമും സ്ഥാപിച്ചിട്ടുണ്ട്. ഇറാനിൽനിന്നുളള ഏകദേശം 76,000 തീർഥാടകർക്കാണ് നിലവിൽ സൗകര്യങ്ങളൊരുക്കി നൽകിയിരിക്കുന്നത്. താമസകേന്ദ്രങ്ങളിൽ നൽകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെ നിലവാരത്തെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയതായും മന്ത്രാലയം വിശദീകരിച്ചു.

രാജ്യത്തെ മറ്റു വകുപ്പുകളുമായി നേരിട്ടുള്ള ഏകോപനത്തിലൂടെ മടക്കയാത്രക്ക് ആവശ്യമായ ഒരു സമഗ്ര പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ തീർഥാടകരെ ആദ്യം സൗദി അതിർത്തി പട്ടണമായ അറാറിലെ വിമാനത്താവളത്തിൽ എത്തിക്കും. അവിടെനിന്ന് (ജദീദ അറാർ അതിർത്തി പോസ്റ്റ്) കരമാർഗം ഇറാനിലേക്ക് കൊണ്ടുപോകും. സുരക്ഷിതമായി പുറപ്പെടാൻ കഴിയുന്നതുവരെ ഹജ്ജ്, ഉംറ മന്ത്രാലയ സംഘങ്ങൾ തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും പരിചരണവും നൽകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply