സൗദി അറേബ്യയിൽ വ്യാപാര തട്ടിപ്പുകൾ തടയുന്നതിനായി വാണിജ്യ മന്ത്രാലയം പരിശോധനകൾ ശക്തമാക്കി. ഈ വർഷം രണ്ടാം പാദത്തിൽ ഏകദേശം 171,000 പരിശോധനകൾ നടത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വ്യാപാര മേഖലയുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി നടന്ന ഈ പരിശോധനകളിൽ 1.8 ദശലക്ഷം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 12 കേസുകൾ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ വാണിജ്യ നിബന്ധനകൾ പാലിക്കുന്നതിൽ സ്ഥാപനങ്ങളുടെ പ്രതിബദ്ധത 94.8 ശതമാനമായി ഉയർന്നതായും അധികൃതർ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകൾ നടത്തുന്നത്. ഒമ്പത് വ്യത്യസ്ത വാണിജ്യ പ്രവർത്തന മേഖലകളിലാണ് ഈ കാമ്പയിനിലൂടെ പരിശോധനകൾ നടത്തിയത്.

