കുവൈത്ത് അതിർത്തിയോട് ചേർന്നുള്ള സമുദ്രമേഖലയെച്ചൊല്ലി ഇറാഖ് ഉന്നയിക്കുന്ന പുതിയ അവകാശവാദങ്ങളെ സൗദി അറേബ്യ ശക്തമായി തള്ളിക്കളഞ്ഞു. കുവൈത്തിന്‍റെ പരമാധികാരത്തെ മാനിക്കാനുള്ള ഉത്തരവാദിത്തം ഇറാഖിനുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അയൽരാജ്യങ്ങൾ തമ്മിലുള്ള അതിർത്തി നിർണ്ണയത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്ന കർശന നിലപാടാണ് സൗദി സ്വീകരിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയിൽ ഇറാഖ് സമർപ്പിച്ച പുതിയ ഭൂപടത്തിൽ സൗദി-കുവൈത്ത് അതിർത്തി മേഖലയോട് ചേർന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതിൽ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. നിലവിലെ അന്താരാഷ്ട്ര കരാറുകൾ പ്രകാരം ഈ മേഖലയിലെ പ്രകൃതി വിഭവങ്ങളിൽ സൗദി അറേബ്യക്കും കുവൈത്തിനും തുല്യ അവകാശമാണുള്ളത്. 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ ഉടമ്പടി പ്രകാരമാണ് ഈ അതിർത്തികൾ നിശ്ചയിച്ചിട്ടുള്ളത് എന്നിരിക്കെ, ഇറാഖിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് സൗദി വ്യക്തമാക്കി.
ഇറാഖിന്‍റെ പുതിയ നീക്കം കുവൈത്തിന്‍റെ സമുദ്രമേഖലയിലെ പരമാധികാരത്തെയും ‘ഫഷ്ത് അൽ-ഗൈദ്’, ‘ഫഷ്ത് അൽ-ഈജ്’ തുടങ്ങിയ ജലപ്രദേശങ്ങളെയും ലംഘിക്കുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഭജിത മേഖലയിലെ നിർദിഷ്ട അതിർത്തിക്കുള്ളിൽ മറ്റ് കക്ഷികൾ ഉന്നയിക്കുന്ന യാതൊരു അവകാശവാദവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ സൗദി, കുവൈത്ത്-ഇറാഖ് അതിർത്തി നിർണയിച്ച സുരക്ഷാ സമിതിയുടെ 833 (1993) എന്ന പ്രമേയം പാലിക്കാൻ ഇറാഖ് ബാധ്യസ്ഥരാണെന്ന് ഓർമ്മിപ്പിച്ചു. തർക്കങ്ങൾ പരിഹരിക്കുന്നതിന് വിവേകപൂർണമായ സംവാദങ്ങളുടെ പാത സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ നീങ്ങണമെന്നും ഇറാഖിനോട് സൗദി ആഹ്വാനം ചെയ്തു.

