സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ, യാത്രക്കാർക്കായി പുതിയ ബാഗേജ് ട്രാക്കിംഗ് സംവിധാനം അവതരിപ്പിച്ചു. ആപ്പിളുമായി സഹകരിച്ചാണ് ഈ നൂതന സേവനം നടപ്പിലാക്കിയിരിക്കുന്നത്. ആപ്പിളിന്റെ ‘ഫൈൻഡ് മൈ’ (Find My) ആപ്പ് ഉപയോഗിച്ചാണ് ഈ ട്രാക്കിംഗ് സൗകര്യം ലഭ്യമാവുക.
ഈ സംവിധാനം വഴി, യാത്രക്കാർക്ക് തങ്ങളുടെ ബാഗേജുകളിൽ ഘടിപ്പിച്ചിട്ടുള്ള എയർടാഗുകളോ (AirTags) മറ്റ് ‘ഫൈൻഡ് മൈ’ ഡിവൈസുകളോ ആപ്പുമായി ബന്ധിപ്പിച്ച് തത്സമയം ലഗേജ് എവിടെയാണെന്ന് കണ്ടെത്താനാകും.
ഉയർന്ന നിലവാരമുള്ള യാത്രാനുഭവം നൽകുക, അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക, ഏവിയേഷൻ മേഖലയിലെ വികസനത്തിന് ആക്കം കൂട്ടുക, ബാഗേജുകൾ നഷ്ടപ്പെടുന്നത് പൂർണ്ണമായും ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സൗദിയ ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. നിലവിൽ, ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക.

