ഭൂകമ്പ, അഗ്‌നിപർവ്വത നിരീക്ഷണ ശേഷി ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. ഇതിനായി രാജ്യത്തുടനീളം 300-ലധികം നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സൗദി ജിയോളജിക്കൽ സർവേ (SGS) വ്യക്തമാക്കുന്നു. നാഷണൽ സീസ്മിക് ആൻഡ് വോൾക്കനിക് മോണിറ്ററിംഗ് നെറ്റ്വർക്ക് മേഖലയിലെ തന്നെ ഏറ്റവും വിപുലമായ സംവിധാനങ്ങളിലൊന്നാണെന്ന് അധികൃതർ വ്യക്തമാക്കി.
229 സീസ്‌മോഗ്രാഫുകൾ, 92 ഗ്രൗണ്ട് ആക്‌സിലറേഷൻ സെൻസറുകൾ, അഗ്‌നിപർവത വാതക ഉദ്വമനം, ഉയർന്ന അപകടസാധ്യത മേഖലകളിലെ ജലപ്രവാഹം എന്നിവ നിരീക്ഷിക്കുന്ന ഡസൻ കണക്കിന് ഉപകരണങ്ങൾ എന്നിവ ഈ ശൃംഖലയിൽ ഉൾപ്പെടുന്നു. നേർത്ത ഭൂതലം, സജീവ ഫോൾട്ട് ലൈനുകൾ, ഹറാത്ത് എന്നറിയപ്പെടുന്ന അഗ്‌നിപർവത മേഖലകൾ, പ്രധാന സാമ്പത്തിക, വികസന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഈ സ്റ്റേഷനുകളിൽ പലതും സ്ഥിതി ചെയ്യുന്നത്.
ഈ സംവിധാനം മുൻകൂർ മുന്നറിയിപ്പും ദീർഘകാല ഡാറ്റയും നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് ഭൂകമ്പ തയ്യാറെടുപ്പ്, അപകടസാധ്യത വിലയിരുത്തൽ, കെട്ടിട നിർമാണ ചട്ടങ്ങൾ പുതുക്കൽ, പൊതുജന സുരക്ഷാ ആസൂത്രണം എന്നിവയെ സഹായിക്കുന്നു. SGS വക്താവ് താരിഖ് അബാ അൽ ഖൈൽ വ്യക്തമാക്കി.

