Headlines

സൗദിയുടെ നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്‌സികളെത്തി; റിയാദിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം

സൗദി അറേബ്യയിൽ ആദ്യമായി ഡ്രൈവറില്ലാ ടാക്‌സി സേവനം ആരംഭിച്ചു. രാജ്യതലസ്ഥാനമായ റിയാദിലാണ് ഈ സ്വയംഭരണ ഗതാഗത സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണത്തിന് തുടക്കമായത്. ഗതാഗത, ലോജിസ്റ്റിക് മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

12 മാസം നീണ്ടുനിൽക്കുന്ന ഈ പരീക്ഷണ ഘട്ടത്തിൽ, റിയാദിലെ പ്രധാനപ്പെട്ട ഏഴ് സ്ഥലങ്ങളിൽ ഡ്രൈവറില്ലാ ടാക്‌സികൾ ലഭ്യമാകും. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ടെർമിനൽ 2, 5) വിവിധ ഭാഗങ്ങൾ, പ്രിൻസസ് നൂറ ബിൻത് അബ്ദുൾറഹ്‌മാൻ യൂണിവേഴ്‌സിറ്റി, റോഷൻ ബിസിനസ് ഫ്രണ്ട്, കൂടാതെ പ്രധാന ഹൈവേകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ടാക്‌സി സേവനങ്ങൾക്കായി 13 പ്രത്യേക പിക്കപ്പ്, ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. കർശനമായ നിയമപരവും സാങ്കേതികവുമായ മേൽനോട്ടത്തിലായിരിക്കും ഈ പരീക്ഷണം നടക്കുക. പരീക്ഷണ ഘട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ, ഈ പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.

സൗദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയാണ് (SDAIA) ഈ നൂതന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആഭ്യന്തര മന്ത്രാലയം, ഡിജിറ്റൽ ഇക്കണോമി, സ്‌പേസ് ആൻഡ് ഇന്നൊവേഷൻ സിസ്റ്റം, ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ, സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുൾപ്പെടെയുള്ള ദേശീയ, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply