സൗദി അറേബ്യൻ എയർലൈൻസായ ‘സൗദിയ’ രാജ്യത്തെ ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ സൗദി ഗ്രൗണ്ട് സർവീസസുമായി (SGS) സഹകരിച്ച് പുതിയ ഹോം ചെക്ക്-ഇൻ സേവനം ആരംഭിച്ചു.
വിമാനത്താവളത്തിലെ തിരക്ക് കുറച്ച് യാത്രകൾ കൂടുതൽ സുഖകരമാക്കുകയാണ് ലക്ഷ്യം. കരാർ അനുസരിച്ച്, യാത്രക്കാരുടെ വീടുകളിലോ താമസസ്ഥലങ്ങളിലോ സൗദി ഗ്രൗണ്ട് സർവീസസ് ജീവനക്കാർ എത്തി ബോർഡിങ് പാസ് നൽകുകയും ബാഗേജുകൾ ശേഖരിക്കുകയും ചെയ്യും.
ഈ മാസം തന്നെ ഈ പുതിയ സേവനത്തിന്റെ ആദ്യഘട്ടം ജിദ്ദയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ, ജിദ്ദയിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്കും അവിടേക്ക് എത്തിച്ചേരുന്നവർക്കും മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുക. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനും 6 മണിക്കൂറിനും ഇടയിലുള്ള സമയപരിധിക്കുള്ളിൽ ഈ സേവനത്തിനായി അപേക്ഷിക്കാവുന്നതാണ്.
സൗദിയയുടെ തന്ത്രപരമായ മുന്നേറ്റത്തിന്റെ ഭാഗമായ ഈ നീക്കം, 2026-ന്റെ ആദ്യ പാദത്തിൽ റിയാദിലേക്കും പിന്നീട് മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. സൗദിയ സെയിൽസ് ഓഫീസുകൾ, ട്രാവൽ ഏജന്റുമാർ, വെബ്സൈറ്റ് എന്നിവയുൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ ഈ സേവനം ബുക്ക് ചെയ്യാം.

