Headlines

അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

ഷാർജ റോളയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. കമ്പനി രേഖാമൂലം അദ്ദേഹത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഈ വാദങ്ങളെ ശരിവെക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് അതുല്യ അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയൽക്കാരുമായും സംസാരിച്ചപ്പോൾ സതീഷിന്റെ സ്വഭാവ വൈകൃതങ്ങളെക്കുറിച്ചും സംശയരോഗത്തെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ പോലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അതിനിടെ, കഴിഞ്ഞ ദിവസം സതീഷ് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതുല്യയുടെ മരണത്തിൽ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താൻ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും, ഇത് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും സതീഷ് അവകാശപ്പെട്ടു. താൻ അതുല്യയെ മർദിക്കാറുണ്ടെന്ന കാര്യവും സതീഷ് സമ്മതിച്ചിരുന്നു. തനിക്ക് 9500 ദിർഹം ശമ്പളമുണ്ടെന്നും വിശദീകരണത്തിനിടെ അദ്ദേഹം പറയുകയുണ്ടായി.

Leave a Reply