Headlines

സർഗോത്സവം 2026: കോൽക്കളിയുടെ താളം മുഴക്കി എടരിക്കോട്; മലപ്പുറം ജില്ലക്ക് പത്താം വിജയം

ജീവിതം ലഹരിയാകുമ്പോൾ ജീവനും ജീവിതമൂല്യങ്ങളും സംരക്ഷിക്കപ്പെടണം എന്ന ശക്തമായ സന്ദേശവുമായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ഗാനത്തിന്റെ താളമേറ്റു മുന്നേറിയ എടരിക്കോട് കോൽക്കളി സംഘം, ദുബൈ കെഎംസിസി സംഘടിപ്പിച്ച സർഗോത്സവം 2026-ൽ മലപ്പുറം ജില്ലാ കെഎംസിസിക്ക് വേണ്ടി പത്താം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഈറൻപനയുടെ കോൽവട്ടത്തിൽ ചടുലമായ താളലയങ്ങളോടെ അരങ്ങേറിയ എടരിക്കോട് സംഘത്തിന്റെ അവതരണം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരുപോലെ ആകർഷിച്ചു. പൂങ്കമറും, മുന്നോട്ട് ഒഴിക്കൽ ഒന്നടി രണ്ടും, ഒഴിച്ചെടി മുട്ട് മൂന്നും തുടങ്ങിയ കോൽക്കളിയുടെ പരമ്പരാഗത ശൈലികളും പുതുമകളും മനോഹരമായി സമന്വയിപ്പിച്ചാണ് സംഘം വിജയം സ്വന്തമാക്കിയത്.

മത്സരത്തിനായി ഒന്നര മാസത്തിലധികം നീണ്ട കഠിന പരിശീലനത്തിന്റെ ഫലമായിരുന്നു ഈ നേട്ടം. ഷബീബ് എടരിക്കോട് നേതൃത്വത്തിൽ അനസ്, ആഷിക് അസ്‌ലം, മുഹമ്മദ് അജ്മൽ, ഷാനിബ്, വി. ആസിഫ്, മുഹമ്മദ് ആരിഫ്, നിസാമുദ്ദീൻ, ഫാസിൽ, ആസിഫ് സി, ശിഹാബുദ്ധീൻ, ഷംനാദ്, ഫവാസ് മുണ്ടശ്ശേരി, ഷബീബ് എന്നിവരടങ്ങിയ സംഘമാണ് അരങ്ങിലെത്തിയത്. അസീസ് മണമ്മലാണ് ടീമിന്റെ പരിശീലകൻ.

വിജയം നേടിയ എടരിക്കോട് ടീമംഗങ്ങളെ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് സിദ്ദീഖ് കാലടി, ജനറൽ സെക്രട്ടറി എ പി നൗഫൽ ,ട്രഷറർ സി.വി. അഷ്റഫ്, വൈസ് പ്രസിഡണ്ട് മാരായ ഒ.ടി. സലാം,കരീം കാലടി, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരകുണ്ട്, സലിം വെങ്കിട്ട, നജ്മുദ്ദീൻ മലപ്പുറം, മൊയ്‌തീൻ പൊന്നാനി, മുസ്തഫ ആട്ടീരി , ജോയിൻ സെക്രട്ടറിമാരായ ശിഹാബ് ഇരുവേറ്റി ടി.പി. സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, നാസർ എടപ്പറ്റ, സിനൽ തുറക്കൽ, ഷെരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കഞ്ചേരി, ഇഖ്ബാൽ പല്ലാർ തുടങ്ങിയ ജില്ലാ ഭാരവാഹികൾ അഭിനന്ദിച്ചു. എടരിക്കോടിന്റെ കോൽക്കളി അവതരണം കലാപരമായ മികവും ശാസ്ത്രീയമായ താളക്രമവും ഒരുപോലെ പുലർത്തിയിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

പ്രവാസ ലോകത്ത് കേരളത്തിന്റെ തനത് കലാരൂപങ്ങൾക്ക് ലഭിക്കുന്ന അംഗീകാരത്തിന്റെ തെളിവായി മാറിയ ഈ വിജയം, എടരിക്കോടിനും മലപ്പുറം ജില്ലയ്ക്കും അഭിമാന നിമിഷമായി. പാരമ്പര്യവും സന്ദേശവും ഒരുമിച്ചു ചേർന്ന ഈ കോൽക്കളി അവതരണം സർഗോത്സവ വേദിയിൽ ദീർഘകാലം ഓർമ്മിക്കപ്പെടുന്ന കലാനുഭവമായി മാറി.

Leave a Reply