Headlines

സാന്ദ്ര തോമസിൻറേത് ‘ഷോ’ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാൽ മത്സരിക്കരുതെന്ന് പറയുന്നത് നിയമാവലി ആണെന്നും ലിസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സാന്ദ്ര പറയുന്ന കാര്യങ്ങൾ നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കും ഉണ്ടെന്നും താൻ അത് തെളിയിക്കുമെന്നും ലിസ്റ്റിൻ പറഞ്ഞു.

”സാന്ദ്രയുടേത് വെറും ഷോ ആണ്. ആദ്യം അസോസിയേഷനിലേക്ക് പർദ്ദ ധരിച്ച് എത്തി, രണ്ടാമത് വന്നപ്പോൾ എന്താ പർദ്ദ കിട്ടിയില്ലേ? സംഘടനയിലെ പ്രസിഡൻറ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ കുറഞ്ഞത് മൂന്ന് സിനിമകൾ എങ്കിലും നിർമ്മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകൾ പാർട്ണർഷിപ്പ് ആണ്. സാന്ദ്രയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. അത് ആകെ രണ്ടെണ്ണമേ ഉള്ളൂ. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കിൽ ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല. ഞങ്ങൾ അപ്പീലിന് പോകുന്നില്ല. തന്റെ സിനിമയിൽ നിന്നും മമ്മൂട്ടി പിന്മാറി എന്ന സാന്ദ്ര വിളിച്ച് പറയുന്നു. എത്രയോ ആർട്ടിസ്റ്റുകൾ പല സിനിമകളിൽ നിന്നും പിന്മാറുന്നു. മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു”, ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് സാന്ദ്ര തോമസ് സമർപ്പിച്ച പത്രികകളാണ് നേരത്തെ വരണാധികാരി തള്ളിയത്. ഇതിനെതിരെ എറണാകുളം സബ് കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് സാന്ദ്ര തോമസ്. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്നാണ് സാന്ദ്ര ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്.

Leave a Reply