Headlines

സാലിക് വരുമാനത്തിൽ വൻ കുതിപ്പ്: ആറുമാസത്തിൽ 153 കോടി ദിർഹം

ദുബായുടെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്, ഈ വർഷം ആദ്യപകുതിയിൽ ശ്രദ്ധേയമായ സാമ്പത്തിക വളർച്ച നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം വർധനവോടെ മൊത്തം വരുമാനം 153 കോടി ദിർഹമായി ഉയർന്നു. പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചതും ഈ വർഷം ജനുവരിയിൽ നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.

ഈ കാലയളവിൽ ദുബായിലെ ടോൾ ഗേറ്റുകളിലൂടെ 42.42 കോടി യാത്രകളാണ് നടന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 39.6 ശതമാനം അധികമാണ്. റംസാൻ മാസത്തിലടക്കം രാവിലെയും വൈകുന്നേരവും റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടതാണ് യാത്രകളുടെ എണ്ണം വർധിക്കാൻ കാരണം. ടോൾ പിഴകളിൽ നിന്ന് മാത്രം സാലിക് 13.43 കോടി ദിർഹം നേടി, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 15.7 ശതമാനം കൂടുതലാണ്.

കൂടാതെ, സാലിക് ടാഗ് ആക്ടിവേഷൻ ഫീസിലൂടെ 2.29 കോടി ദിർഹം വരുമാനം ലഭിച്ചു. കമ്പനിയുടെ എബിറ്റ്ഡ (EBITDA) 44.2 ശതമാനം വർധിച്ച് 107 കോടി ദിർഹമായി. ജനസംഖ്യാ വർധനവും വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള ഉയർച്ചയും ടോൾ ഗേറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചതായി അധികൃതർ പറയുന്നു. തിരക്കുള്ള സമയങ്ങളിൽ നിരക്ക് വർധിപ്പിക്കുന്ന വേരിയബിൾ പ്രൈസിങ് സംവിധാനത്തിൽ നിന്ന് മാത്രം ആദ്യ ആറുമാസത്തിൽ 47 ശതമാനം അധികവരുമാനം ലഭിച്ചു.

സാലിക്കിന്റെ മൊത്തം ലാഭം 41.5 ശതമാനം വർധിച്ച് 77.09 കോടി ദിർഹമായി. ഈ കാലയളവിലെ ടോൾ ഇതര വരുമാനം 87 ലക്ഷം ദിർഹമാണ്. എമാർ മാൾസ്, പാർക്കോണിക് തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പാർക്കിങ് പങ്കാളിത്തം, ലിവയുമായി ചേർന്ന് മോട്ടോർ ഇൻഷുറൻസ് സേവനങ്ങൾ നൽകിയത്, കൂടാതെ ഇനോക്കുമായി ഒപ്പുവെച്ച സ്മാർട്ട് ഇന്ധന പേയ്മെന്റ് കരാർ എന്നിവ ടോൾ ഇതര വരുമാനം വർധിപ്പിച്ചതായി സാലിക് സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് വ്യക്തമാക്കി.

Leave a Reply