റോഡപകടഭീതിയിൽ മാനസികാഘാതത്തിലായ കുട്ടിക്ക് ഷാർജ പോലീസിന്റെ കരുതൽ ഖോർഫക്കാനിൽ റോഡിൽ വെച്ചുണ്ടായ ദുരനുഭവത്തെ തുടർന്ന് മാനസികാഘാതത്തിലായ ഏഴ് വയസ്സുകാരന് കരുതലുമായി ഷാർജ പോലീസ്. കുട്ടി കാൽനടക്കാർക്കുള്ള ഭാഗത്തുകൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ അതിവേഗത്തിൽ വന്ന വാഹനം ഇടിക്കാൻ നോക്കുകയായിരുന്നു. തലനാരിഴക്ക് കുട്ടി അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. വാഹനം റെഡ് ലൈറ്റ് മറികടന്ന് നിയമവിരുദ്ധമായാണ് വന്നിരുന്നത്.
ഇതോടെ കുട്ടിക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും ഭയമായി. കുട്ടിയുടെ അമ്മ ഈ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഷാർജ പോലീസ് ഒരു പ്രത്യേക ടീമിനെ കുട്ടിയുടെ അടുത്തേക്ക് അയച്ചു. കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ അവനുമായി സംസാരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ, പോലീസ് വാഹനത്തിൽ യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കി. പോലീസിന്റെ ഈ ഇടപെടലുകളിലൂടെ കുട്ടിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വബോധവും തിരികെ ലഭിക്കുകയും മാനസികമായി സാധാരണ നിലയിലാകുകയും ചെയ്തു.
അതേസമയം, കുട്ടിക്ക് ആഘാതമുണ്ടാക്കിയ സംഭവത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ പോലീസ് നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇയാളുടെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്തു. റെഡ് ലൈറ്റ് മറികടന്നു പോകുന്നത് പോലുള്ള നിയമലംഘനങ്ങൾ അപകടങ്ങൾക്ക് മാത്രമല്ല, കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ വലിയ മാനസികാഘാതങ്ങൾക്കും കാരണമാകുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

