Headlines

എൻ.ആർ.ഐ. കമ്മീഷൻ ചെയർപേഴ്‌സണായി റിട്ട. ജസ്റ്റിസ് സോഫി തോമസ് ചുമലതയേറ്റു

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർപേഴ്‌സണായി ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചുമലതയേറ്റു. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന കമ്മീഷൻ ആസ്ഥാനത്തെത്തി രാവിലെ 10.30 ഓടെയാണ് ചുമലതയേറ്റത്. കമ്മീഷൻ അംഗം ഡോ. മാത്യൂസ് കെ ലൂക്കോസ് മന്നിയോടും ഇന്ന് ചുമതലയേറ്റു.

പി.എം ജാബിർ, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊൻമാങ്കൽ, എൻ.ആർ.ഐ. (കെ) കമ്മീഷൻ സെക്രട്ടറി (ജയറാം കുമാർ ആർ) എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങൾ. കഴിഞ്ഞ ദിവസമാണ് എൻ.ആർ.ഐ. (കെ) കമ്മീഷനെ പുനസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയത്. കമ്മീഷന്റെ ആദ്യ യോഗം ആഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് ചേരും. 2021 മുതൽ 2025 ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു ജസ്റ്റിസ് സോഫി തോമസ്സ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്.

പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുക, പ്രവാസികേരളീയരുടെ കേരളത്തിലുള്ള നിക്ഷേപങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകൾ. പ്രവാസികളുടെ പരാതികളിന്മേലും ചില സന്ദർഭങ്ങളിൽ സ്വമേധയായും കമ്മീഷൻ ഇടപെടുന്നു. പരാതികൾ പരിഗണിക്കുവാൻ കമ്മീഷൻ നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും സംഘടിപ്പിച്ചു വരുന്നു.

Leave a Reply